കല്ലട കാരണം കുടുംബം പാതിരാത്രിയിൽ തഞ്ചാവൂരിൽ കുടുങ്ങി; അനുഭവം

കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദിച്ചത് പുറത്ത് വന്നതോടെ കല്ലടയെക്കുറിച്ചുള്ള പരാതിപ്രവാഹമാണ്. എണ്ണിയാലൊടുങ്ങാത്ത ദുരനുഭവങ്ങൾ പലരും പങ്കുവെക്കുന്നത്. കല്ലട കാരണം കുടുംബം തഞ്ചാവൂരിൽ കുടുങ്ങിയ ഒരു അനുഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

പറഞ്ഞ സമയത്തിനു മുൻപ് ബസ് പുറപ്പെട്ടതു കാരണം മകളും പ്രായമായവരും ഉൾപ്പെടെ തഞ്ചാവൂരിൽ ഒരു ദിവസം കുടുങ്ങിയ അനുഭവമാണു കോർപറേഷനിലെ റവന്യു ഇൻസ്പെക്ടർ എൻ. സുജിതി കുമാറിന് പറയാനുളളത്. രണ്ടാഴ്ച മുൻപ് കല്ലടയുടെ തിരുവനന്തപുരത്തെ ബുക്കിങ് ഓഫിസിൽ 6 ടിക്കറ്റ് ബുക്കു ചെയ്തു. രാത്രി 11.30 ന് തഞ്ചാവൂരിൽ നിന്ന് പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. 10.45 സംഘം പുറപ്പെടൽ കേന്ദ്രത്തിലെത്തി. 

സമയം കഴിഞ്ഞിട്ടും ബസ് കാണാത്തപ്പോൾ ഫോൺ ചെയ്തു. ദാ എത്തി എന്ന മറുപടിയാണ് ലഭിച്ചത്. അർധരാത്രി പിന്നിട്ടപ്പോൾ  പല തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. 1.15 ആയപ്പോൾ ബസ് തഞ്ചാവൂർ കഴിഞ്ഞെന്നായിരുന്നു മറുപടി. ഏറെ അന്വേഷിച്ച് തങ്ങാൻ ഹോട്ടൽ ലഭിച്ച ശേഷമാണ് ശ്വാസം നേരെ വീണതെന്നു സുജിത്  പറഞ്ഞു. പണം മടക്കി നൽകാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഓഫിസിലെത്തിയപ്പോൾ ഭീഷണിയായിരുന്നു മറുപടി. പതിനായിരത്തോളം രൂപയാണ് കല്ലട കാരണം  നഷ്ടപ്പെട്ടത്.