'ഓടി വന്നത് വന്‍ ശബ്ദം കേട്ട്..കൂട്ട നിലവിളി'; നടുക്കം മാറാതെ ദൃക്സാക്ഷികള്‍

പുലര്‍ച്ചെ 12.45 ഓടെ വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് കണ്ണൂര്‍ തോട്ടട ബസപകടത്തിലെ ദൃക്സാക്ഷിയായ ഹോട്ടലുടമയായ ദേവന്‍ പറയുന്നു. എത്തിയപ്പോള്‍ ബസ് തലകീഴായി കിടക്കുന്നത് കണ്ടെന്നും രക്ഷിക്കണേയെന്ന് നിലവിളിച്ച് ഒരാള്‍ വണ്ടിയുടെ മുകളില്‍ നില്‍ക്കുന്നത് കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവനും ഹോട്ടല്‍ ജീവനക്കാരനുമാണ് അപകടം നടന്നയുടന്‍ ഓടിയെത്തിയത്.  'ബസിന് മുകളില്‍ നിന്നയാളെ താഴെ ഇറക്കിയപ്പോള്‍ ബസില്‍ ഇരുപത്തിനാലോളം പേരുണ്ടെന്ന് പറഞ്ഞു. കൂട്ട നിലവിളിയാണ് ബസില്‍ നിന്നുയര്‍ന്ന'തെന്നും ദേവന്‍ പറയുന്നു. തനിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് മനസിലായയുടന്‍ ഇവര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. എമര്‍ജന്‍സി വാതില്‍ ലോക്കായിരുന്നതിനാല്‍ ഫയര്‍ഫോഴ്സെത്തി വാതില്‍ മുറിച്ചുമാറ്റിയാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. 

ബസിന്റെ പിന്‍ഭാഗത്താണ് ലോറിയുടെ ഇടിയേറ്റിരിക്കുന്നത്. മിനി ലോറിയുടെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബസിലുണ്ടായിരുന്നവരില്‍ 23 പേരും ലോറി ഡ്രൈവറുമാണ് ചികില്‍സയിലുള്ളത്. അപകടത്തില്‍ ഒരാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Eye-witness on Kannur bus accident

Enter AMP Embedded Script