ജ്യോതിഷി പറഞ്ഞു; 8 വർഷത്തിന് ശേഷം വീണ്ടും മിന്നുകെട്ടി ഉക്രൈൻ ദമ്പതികൾ

വീണ്ടും മിന്നുകെട്ടാൻ ഉക്രൈൻ ദമ്പതിമാർ തിരഞ്ഞെടുത്തത് ആഴിമല ശിവക്ഷേത്ര സന്നിധി. 8 വർഷത്തിനു ശേഷമുള്ള ഈ താലികെട്ടലിനു പിന്നിൽ ജ്യോതിശാസ്ത്ര വിശ്വാസം. ഉക്രൈൻ സ്വദേശികളും ഇപ്പോൾ മോസ്കോ നിവാസികളുമായ അലക്സി (34)-ഡയാന (28)ദമ്പതികളുടെ രണ്ടാം മിന്നുകെട്ട്  കഴിഞ്ഞ ദിവസമായിരുന്നു.ജ്യോതിഷിയുടെ നിർദേശമനുസരിച്ചാണത്രെ രണ്ടാമതും വിവാഹം.

ഇന്റർനെറ്റ് വഴിയുള്ള അന്വേഷണത്തിൽ ആഴിമല ശിവക്ഷേത്രം തിരഞ്ഞെടുത്തു.മേൽശാന്തിയുടെ കാർമികത്വത്തിൽ പരസ്പരം ചുവന്ന റോസാഹാരങ്ങൾ ചാർത്തി, താലികെട്ടി. ചടങ്ങിനു  ഭക്തരും അലക്സിയുടെ സഹോദരിമാരും സാക്ഷികളായി.  സുഹൃത്തുക്കൾക്ക്  സൽക്കാരവും നടത്തി. കംപ്യൂട്ടർ അധ്യാപകനായ അലക്സി ഓൺ‌ - ലൈൻ ബിസിനസും നടത്തുന്നു. 

ഡയാന ബിസിനസ് പങ്കാളിയും. മക്കളായ ബഷേനയും  സെലേമയും നാട്ടിൽ അമ്മൂമ്മക്കൊപ്പമാണ്.  ഡയാന രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. അടുത്ത ഫെബ്രുവരിയിൽ മക്കളുമായി വീണ്ടുമെത്തുമെന്നും 2–ാം മധുവിധുവിനായി  ദുബായിലേക്ക് പോകുകയാണെന്നും അലക്സി പറഞ്ഞു. ക്ഷേത്ര ഭാരവാഹി വിജേഷും ട്രാവൽ ഏജന്റായ ഹരിയുമാണ്  വിവാഹത്തിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയത്.