കുഞ്ഞിന്റെ തലയിൽ കടിച്ച് പുലി; വെറുംകൈക്കൊണ്ട് ആക്രമിച്ച് ഒരമ്മ; ധീരം

ലോകത്ത് നിസ്വാർഥമായ സ്നേഹം അമ്മയുടേതാണെന്ന് പറയാറുണ്ട്. ഇപ്പോഴിതാ അതിന് ഉത്തമഉദാഹരണമായി മാറിയിരിക്കുകയാണ് ദിപാലി എന്ന അമ്മ. സ്വന്തം ജീവൻ പണയംവെച്ചാണ് കുഞ്ഞിനെ കടിച്ചുകീറാൻ നോക്കിയ പുലിയെ അമ്മ നേരിട്ടത്. സംഭവം ഇങ്ങനെ:

പൂനൈയിൽ നിന്നും തൊണ്ണൂറുകിലോമീറ്റർ അകലെയുള്ള ദോൾവാഡ് ഗ്രാമത്തിലാണ് ഭർത്താവുമൊത്ത് ദിപാലി താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യമുള്ള കാടിനോട് ചേർന്ന പ്രദേശമാണിത്. കഴിഞ്ഞദിവസം രാത്രിയിൽ ചൂട് കാരണം ദിപാലി കുഞ്ഞിനോടൊപ്പം വീടിന്റെ വരാന്തയിലാണ് കിടന്നത്.

സമയം ഒന്നരയോടെ അടുത്തപ്പോൾ ഒരു മുരൾച്ച കേട്ടുകൊണ്ടാണ് ദിപാലി ഞെട്ടി ഉണർന്നത്. കണ്ണുതുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒന്നരവയസായ കുഞ്ഞിന്റെ തല പുലി കടിക്കുന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക എന്ന ഏക ലക്ഷ്യം മാത്രമായിരുന്നു ദിപാലിക്ക്. വെറുംകൈകൊണ്ട് പുലിയെ തലങ്ങും വിലങ്ങും ഇവർ ആക്രമിച്ചു. കുഞ്ഞിനെ വിട്ട് പുലി ദിപാലിയുടെ കയ്യിൽ ആഞ്ഞുകടിച്ചു. അപ്പോഴും കുഞ്ഞിനെ ഇവർ കൈവിട്ടില്ല. ദീപാലിയുടെ നിലവിളിക്കേട്ട് അപ്പോഴേക്കും ഭർത്താവും സമീപവാസികളും ഉണർന്നു. എല്ലാവരും ഒരുമിച്ച് പുലിയ വിരട്ടിയോടിച്ച് ഇരുവരെയും രക്ഷിച്ചു. കുഞ്ഞിനെ കഴുത്തിലും തലയിലും പുലി കടിച്ച പാടുണ്ട്. അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വിട്ടയച്ച കുഞ്ഞ് സുരക്ഷിതനാണ്.