ആ വിഡിയോയിലെ പെൺകുട്ടി ഞാനല്ല, ആത്മഹത്യയ്ക്കും ഒരുങ്ങി; അപേക്ഷിച്ച് അഞ്ജു; വിഡിയോ

‘ആ വിഡിയോയിൽ കാണുന്ന കുട്ടി ഞാനല്ല.. ദയവ് ചെയ്ത് എന്നെ ഇനിയും ഉപദ്രവിക്കരുത്.. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയതാണ് ‍ഞാൻ..’ മലയാളിയുടെ മുന്നിലേക്ക് ഗതികേട് കൊണ്ട് തുറന്നുപറയുകയാണ് സീരിയൽ താരം അ‍ഞ്ജു. പ്രമുഖ സീരിയലിൽ അഭിനയിക്കുന്ന യുവതാരത്തിന്റെ എന്ന പേരിൽ അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അ‍ഞ്ജുവിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് ഇൗ വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഇതിന് പിന്നിലെ സത്യം തുറന്നു പറയുകയാണ് അഞ്ജു. സുരഭി ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടിയുടെ അപേക്ഷ.

തന്റെ മുഖത്തോട് സാമ്യമുള്ള ഒരു കുട്ടിയുടെ അശ്ലീല വിഡിയോ രണ്ടുവർഷം മുൻപാണ് സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നതായി അറിയുന്നത്. മുഖസാദൃശ്യം ഉള്ളത് കൊണ്ട് അത് തന്റെ വിഡിയോ ആണെന്ന് പലരും വിശ്വസിക്കുന്നു. ഇത്തരത്തിൽ പല ഭാഗത്ത് നിന്നും ചോദ്യങ്ങൾ നേരിട്ടുതുടങ്ങിയതോടെ അഞ്ജു പൊലീസിൽ പരാതി നൽകി. എന്നാൽ വേണ്ട നടപടി ഇതുവരെ അധികൃതർ സ്വീകരിച്ചില്ലെന്നും താരം പറയുന്നു. തന്റെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് ഇൗ വിഡിയോയിൽ ഉള്ളത് താനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും അഞ്ജു പറയുന്നു. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയ അഞ്ജുവിനൊപ്പം വീട്ടുകാരും സീരിയലിലെ അണിയറപ്രവർത്തകരും ഒരുമിച്ചുണ്ട്. ഇത്തരത്തിൽ വിഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്ന് സുരഭിയും ആവശ്യപ്പെടുന്നു.