എനിക്കു വിശക്കുന്നെടാ... ഒരു ബിസ്ക്കറ്റ് താ; വിശന്ന് വലഞ്ഞ് ആ കുരുന്ന് ചോദിച്ചു

‘എനിക്കു വിശക്കുന്നെടാ...ഒരു ബിസ്ക്കറ്റ് താടാ...’ വിശപ്പു സഹിക്കാനാകാതെ പലപ്പോഴും സഹപാഠികളോട് ബിസ്കറ്റിനു വേണ്ടി കെഞ്ചിയിരുന്നു 7 വയസ്സുള്ള കുട്ടി. വിവരിക്കാൻ സാധിക്കാത്തതിനും അപ്പുറം ക്രൂര പീഡനങ്ങൾ ആ കുഞ്ഞു ശരീരം ഏറ്റുവാങ്ങിയിരുന്നെന്നു ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത് ഇൗയിടെ മാത്രം. 

കുട്ടിയെ ഇല്ലാതാക്കാൻ ഇതിനു മുൻപും മനഃപൂർവമായ ശ്രമങ്ങൾ അരുണിന്റെ ഭാഗത്തു നിന്നുണ്ടായതായാണു ബന്ധുക്കൾ പറയുന്നത്. തിരുവനന്തപുരത്തു താമസിക്കുന്ന സമയത്ത് കുട്ടിയെ ഒരു കിലോമീറ്റർ അപ്പുറത്തുള്ള സ്കൂളിലേക്കു റോഡിലൂടെ നടന്നു പോകാൻ അരുൺ നിർബന്ധിച്ചിരുന്നു. അപകടത്തിൽ പെടണമെന്നു കരുതിയാണ് ഇതു ചെയ്തിരുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 

ഒരിക്കൽ തിരക്കേറിയ നഗരമധ്യത്തിൽ കുട്ടിയെ തനിയെ ഇറക്കി വിട്ട് അരുൺ കടന്നു കളഞ്ഞു. പലപ്പോഴും കുട്ടികളെ പട്ടിണിക്കിട്ട് ശിക്ഷിക്കുന്നതും വിനോദമായിരുന്നു. ഇളയകുഞ്ഞിന്റെ കാലിലും മറ്റും ചതവിന്റെ പാടുകൾ ഉണ്ടായതിനു പിന്നിലും അരുണായിരുന്നു.

എന്നാൽ, ഇക്കാര്യങ്ങളിലൊന്നിലും കുട്ടികളുടെ അമ്മ ഇടപെടാതിരുന്നതെന്തെന്നുള്ള ചോദ്യം ശേഷിക്കുന്നു.

ഒരു വർഷത്തിനിടെ 3 സ്കൂളുകൾ

മരിച്ച കുട്ടി ഈ അധ്യയന വർഷം തന്നെ 3 സ്കൂളുകളിൽ പഠിച്ചു. ഉടുമ്പന്നൂരിലെ വീടിനു സമീപമുള്ള തട്ടക്കുഴ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ആദ്യം പഠിച്ചിരുന്നത്. തുടർന്ന്, അമ്മ അരുണിനൊപ്പം തിരുവനന്തപുരത്ത് താമസം തുടങ്ങിയതോടെ അവിടെ സ്കൂളിൽ ചേർത്തു. ഒരു മാസം മുൻപ് തിരിച്ചെത്തി കുമാരമംഗലത്ത് വാടക വീട് എടുത്തതോടെ സമീപത്തുള്ള ഗവ. സ്കൂളിലാക്കി. ഇളയ കുട്ടിയെ എൽകെജിയിലും ചേർത്തു.

27 ന് ആണ് കുട്ടികൾ അവസാനമായി സ്കൂളിലെത്തിയത്. അധ്യയന വർഷം അവസാനിക്കുന്നതിനോടനുബന്ധിച്ച് പായസം ഒരുക്കിയിരുന്നു. 2 പേരും അതു കഴിച്ചു സന്തോഷമായാണു മടങ്ങിയതെന്ന് സ്കൂൾ അധികൃതർ പറയുന്നു. അന്നു രാത്രിയായിരുന്നു അരുണിന്റെ ക്രൂര പീഡനം. 28ന് ഒരു പരീക്ഷ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും കുട്ടി എത്തിയില്ല. അമ്മയെ വിളിച്ചപ്പോൾ കട്ടിലിൽ നിന്നു വീണ് പരുക്കേറ്റു എന്നാണ് പറഞ്ഞത്.