കുഞ്ഞ് വിരിഞ്ഞിട്ട് രണ്ട് ദിവസമേ അയുള്ളു; കട്ടെടുത്ത അമ്മ പ്രാവിനെ തിരിച്ച് തരൂ: നോവ്

മുട്ടവിരിഞ്ഞുണ്ടായ കുഞ്ഞിനു പാൽ  നൽകിയിരുന്ന അമ്മ പ്രാവിനെയും മുട്ടയിട്ട് അടയിരുന്ന പ്രാവിനെയുമടക്കം എട്ടെണ്ണത്തെ മോഷ്ടിച്ചവരോട് തൃശൂർ സ്വദേശി ഹരീഷിനു പറയാനുള്ളത് ഇതാണ്.  ആ രണ്ടു പ്രാവുകളെ തിരികെ തരൂ. ഇല്ലെങ്കിൽ  ഷീൽഡ് ഹോമറിന്റെ കുഞ്ഞ് ചത്തുപോകുന്നതു കണ്ടു നിൽക്കാനേ പറ്റൂ. കുഞ്ഞ് വിരിഞ്ഞിട്ടു രണ്ടു ദിവസമേ ആയുള്ളു. പത്തുദിവസം വരെ അമ്മയിൽ നിന്നു പാൽ  കിട്ടിയാലേ കുഞ്ഞു ജീവിക്കൂ.

ഇന്നു തന്നെ തിരിച്ചുകിട്ടിയില്ലെങ്കിൽ  അതു ചത്തുപോകുമെന്നു ഹരീഷ് പറയുന്നു. ജാക്കോബി ഇനത്തിൽ  പെട്ട പ്രാവാണ് മുട്ടയിട്ട് അടയിരിക്കാനൊരുങ്ങുമ്പോൾ മോഷ്ടിക്കപ്പെട്ടത്. ആ മുട്ടകളും കൂട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ  കിടക്കുകയാണ്.താണിക്കുടം വടക്കേചുങ്കത്ത് ഹരീഷ് 2007 മുതൽ  പ്രാവ് വളർത്തുന്നയാളാണ്. മുൻപൊരിക്കലും പ്രാവുകൾ  മോഷണം പോയിരുന്നു. എന്നാൽ തിരിച്ചുകിട്ടി.

വ്യാഴാഴ്ച രാത്രി 11 മണിക്കു ടെറസിലെ കൂടുകൾ  പൂട്ടാൻ  ചെല്ലുമ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. പൊലീസിൽ  പരാതി നൽകിയിട്ടുണ്ട്. എങ്കിലും കള്ളന് സന്മനസുണ്ടായി തിരിച്ചു തരണമെന്ന അഭ്യർഥനയേ ഹരീഷിനുള്ളു. ഓമനിച്ചു വളർത്തുന്ന പ്രാവുകളുടെ കുഞ്ഞു ചത്തുപോകുന്നത് സഹിക്കാനാവില്ലെന്നും ഹരീഷ് പറയുന്നു. 

വിലപിടിപ്പുള്ള ഇനങ്ങളായ ഗാഡിറ്റാനോ പൗട്ടർ, ഫ്രിൽ  ബാക്ക്, ഷീൽഡ് ഹോമർ, മുഖി, ജാക്കോബി ഇനത്തിൽ  പെട്ട പ്രാവുകളാണു നഷ്ടമായത്.  താളിക്കോട് ജീവൻജ്യോതി സ്കൂളിലെ സോഷ്യൽ  സയൻസ് അധ്യാപകനാണു ഹരീഷ്.