കുടുംബശ്രീയുടെ ആഭരണ നിർമാണ യൂണിറ്റ് വൻ വിജയം; മാതൃക

ഒരുമയുണ്ടെങ്കില്‍ ഏറെ നേടാമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ചെറുവണ്ണൂരിലെ കുടുംബശ്രീ കൂട്ടായ്മ. ആദ്യ അംഗീകൃത കുടുംബശ്രീ ഗ്യാരണ്ടി ആഭരണ നിര്‍മാണ യൂണിറ്റ് പതിനൊന്ന് വര്‍ഷം പിന്നിടുമ്പോള്‍ നിരവധി കുടുംബങ്ങള്‍ക്ക് ഉപജീവനമായി. 

മിന്നുന്നതെല്ലാം പൊന്നല്ല. പതിരില്ലാത്ത പഴമൊഴി പലതിന്റെയും നിലവാരമളക്കുന്ന തോതാണ്. അങ്ങനെയെങ്കില്‍ ഈ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന ആഭരണങ്ങള്‍ക്ക് വിശ്വാസ്യതയും മികവുമെല്ലാം ഒരുപോലെ ചേരും. മാല, വള, കമ്മല്‍, പാദസരം, മോതിരം, ബ്രേസ്്ലേറ്റ്, തുടങ്ങിയവയ്ക്ക് തിളക്കമേറും. പൊന്നല്ലെങ്കിലും പത്തരമാറ്റ് പരിശുദ്ധിയെന്ന് ഇവര്‍ പറയും. 

പതിനൊന്ന് വര്‍ഷം മുന്‍പ് ചെറിയൊരു മുറിയ്ക്കുള്ളില്‍ നാല് വനിതകള്‍ തുടങ്ങിയ സംരംഭം നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ്. അഞ്ച് ലക്ഷം രൂപ മൂലധനം മുപ്പത്തി ഒന്ന് ലക്ഷം രൂപയുടെ വാര്‍ഷിക വിറ്റുവരവായി. സ്വന്തമായുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വനിതകള്‍ വീടുകളില്‍ നേരിട്ടെത്തി വില്‍ക്കും. പിഴവുകള്‍ പരിഹരിച്ചുള്ള വിശ്വാസം വളര്‍ന്നതാണ് മികവിന് ആധാരം. തികഞ്ഞ സാങ്കേതിക മികവോടെ നിര്‍മിക്കുന്ന നിര്‍മാല്യം ആഭരണങ്ങള്‍ക്ക് 1200 സ്ഥിരം ഇടപാടുകാരുണ്ട്. കുടുംബശ്രീ അംഗങ്ങള്‍ വഴി കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് പ്രധാന വില്‍പന. ഓണ്‍ലൈന്‍ വഴിയുള്ള വില്‍പന സാധ്യതയും പരിശോധിക്കുന്നുണ്ട്.