വഴിയോരത്ത് ‘വ്യാജ മദ്യശാല’; ക്യൂ നിന്നവരെ സിനിമേലെടുത്തു

കലവൂർ : ദേശീയപാതയോരത്തു പാതിരപ്പള്ളിയിൽ ഒറ്റ രാത്രി കൊണ്ടു പുതിയൊരു മദ്യശാല! മുന്നിൽ ‘12–1–2019 മുതൽ മദ്യ വിലയിൽ കുറവ് വന്നിരിക്കുന്നു’ എന്ന ബോർഡ്. സാധനം വാങ്ങാൻ ആളുകളുടെ തരക്കേടില്ലാത്ത ക്യൂവും. ബവ്റിജസ് കോർപറേഷന്റെ പുതിയ മദ്യവിൽപനശാല തന്നെ എന്നുറപ്പിച്ചു ചിലർ ആവേശത്തോടെ ക്യൂവിൽ അണിനിരന്നപ്പോൾ മറ്റുചിലരുടെ പ്രതിഷേധം. ചുറ്റും നോക്കിയപ്പോഴാണു വെള്ളിത്തിരയിലെ പരിചിത മുഖം ക്യൂവിനടുത്തു കണ്ടത്. പന്തികേടു മണത്തു ക്യൂവിൽ നിന്നവരിൽ ചിലർ പതുക്കെ ‘സ്കൂട്ടായി’. മറ്റു ചിലർ എന്തും വരട്ടെയെന്നു കരുതി ‘ആടാതെ’ ഉറച്ചു നിന്നു. സംഗതി സിനിമാ ഷൂട്ടിങ്ങിനിട്ട സെറ്റാണെന്നു മനസ്സിലാകും വരെ മാത്രം!

ജയറാം നായകനാവുന്ന ‘ഗ്രാൻഡ് ഫാദർ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഒരുക്കിയ മദ്യവിൽപനശാലയുടെ മുന്നിലെ രംഗങ്ങളാണു പാതിരപ്പള്ളിയിലെ നാട്ടുകാർക്കും യാത്രികർക്കും ചിരിക്കാഴ്ച സമ്മാനിച്ചത്. ദേശീയപാതയോരത്ത് പാതിരപ്പള്ളി ജംക്‌ഷനു സമീപം പൂട്ടിക്കിടന്ന കടയ്ക്കാണ് അണിയറ പ്രവർത്തകർ മദ്യവിൽപന ശാലയുടെ ‘മേക്കപ്’ ഇട്ടത്. ബവ്റിജസ് കോർപറേഷന്റെ വിദേശമദ്യഷോപ്പ് എന്ന ബോർഡും കറുവാച്ചിറയെന്നു സ്ഥലപ്പേരും ചേർത്തിരുന്നു

രണ്ട് കടമുറികളിലായി നിറയെ മദ്യക്കുപ്പികളും അടുക്കി. മദ്യശാലകളിലെ പതിവു കാഴ്ചകളായ ‘ജവാൻ സ്റ്റോക്കില്ല’, ‘കൗണ്ടർ വിടുന്നതിനു മുൻപ് ബാലൻസ് തുക എണ്ണി തിട്ടപ്പെടുത്തുക’ തുടങ്ങിയ ബോർഡുകളും വിലനിലവാര പട്ടികയും. കടയ്ക്കു മുന്നിലെ കൗണ്ടറും ഇവിടേക്ക് ഇരുമ്പുകമ്പി ഉപയോഗിച്ചുള്ള വേലിയും കൂടിയായതോടെയാണ് ഒറിജിനലിനെ വെല്ലുന്ന മദ്യക്കട നാട്ടുകാരിൽ ചിലരെ അൽപനേരത്തേക്കെങ്കിലും ഭ്രമിപ്പിച്ചത്

ക്യൂവിൽ നിൽക്കുന്നവരോട് 2000 രൂപ നോട്ട് നീട്ടി നടൻ ധർമ്മജൻ ബോൾഗാട്ടി സാധനം വാങ്ങാൻ പറയുന്നതും എന്നാൽ ക്യൂ നിൽക്കുന്നവർ ഇയാളെ ഓടിക്കുന്നതുമാണു ചിത്രീകരിച്ചത്. മദ്യശാലയ്ക്ക് മുന്നിലെത്തിയ നാട്ടുകാരെ തന്നെ ക്യൂവിൽ നിർത്തിയാണു സിനിമ ചിത്രീകരിച്ചത്.

‘ബീവറേജ്’ ഒന്നും വന്നില്ലേലും സിനിമയിൽ മുഖം കാണിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണു നാട്ടുകാരിൽ പലരും.