അറസ്റ്റിലായ 11 പേരും വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാർ; ശ്രദ്ധിക്കൂ‘പണി’ ഒഴിവാക്കാം...

ചെറുപുഴയിൽ ദമ്പതികളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ പൊല്ലാപ്പ് അവസാനിക്കുന്നില്ല. സ്ത്രീധനം മോഹിച്ച് 25കാരനായ യുവാവ് 48കാരിയെ വിവാഹം ചെയ്തെന്ന സന്ദേശം പ്രചരിപ്പിച്ചവരെല്ലാം കുടുങ്ങി. കേസിൽ ഇതുവരെ അറസ്റ്റിലായ 11 പേരും വിവിധ വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിൻമാർ. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉന്നതപദവിയുള്ള സർക്കാർ ജീവനക്കാരും പെടും. വിദേശത്തു നിന്നു ഷെയർ ചെയ്തവരെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കാൻ തയാറെടുക്കുകയാണു പൊലീസ്. സത്യമാണോ നുണയാണോ എന്നറിയാതെ അന്യന്റെ ജീവിതം ഷെയർ ചെയ്തു രസിച്ചവരെല്ലാം കുടുങ്ങും. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസിന്റെ നേരിട്ടുള്ള ഇടപെടലിലാണ് അന്വേഷണം.

ചെറുപുഴ സ്വദേശി  ജൂബി ജോസഫിന്റെയും അനൂപ് സെബാസ്റ്റ്യന്റെയും അനുഭവം ഒറ്റപ്പെട്ടതല്ല. പൊലീസ് സ്റ്റേഷനുകളിൽ ഓരോ മാസവും ശരാശരി 2 പരാതികൾ വീതം എത്തുന്നുണ്ട്. പരാതി നൽകാത്തവരാണേറെ. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എന്തും ഷെയർ ചെയ്യുമ്പോൾ കുരുക്കിലാകുന്നതു ഒട്ടേറെ പേരുടെ ജീവിതമാണ്, ചിലപ്പോൾ സ്വന്തം ജീവിതം ജയിലിനുള്ളിലാകാനും ഇതു മതി.

തലശ്ശേരി സ്വദേശിയായ യുവതി പറയുന്നു

എന്റെ കുടുംബജീവീതം തകർത്തത് ആരെല്ലാമോ ചേർന്നു പ്രചരിപ്പിച്ച വാട്സാപ് സന്ദേശങ്ങളാണ്. എന്റെ ശരീരസാദൃശ്യമുള്ള യുവതിയുടെ അശ്ലീലവിഡിയോ എന്റേതെന്ന പേരിൽ വ്യാപകമായി പ്രചരിപ്പിച്ചു. വിദേശത്തുള്ള ഭർത്താവിന്റെ അടുക്കലും വിഡിയോ എത്തി. ഞാനല്ല എന്നു കരഞ്ഞു പറഞ്ഞിട്ടും വിശ്വസിക്കാൻ ഭർത്താവ് തയാറായില്ല. കോടതിയിൽ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുന്നു

ഞാനും പറക്കമുറ്റാത്ത മകളും ഒരുതെറ്റും ചെയ്യാതെ കുറ്റവാളികളായി. കൊച്ചിയിലെ ഒരു വീട്ടമ്മ എന്റെ അതേ സാഹചര്യത്തിൽ നിയമപോരാട്ടം നടത്തി വിഡിയോ അവരുടേതല്ലെന്നു തെളിയിച്ചതായി പത്രവാർത്തകൾ കണ്ടു. ഞാനും ഇപ്പോൾ അത്തരത്തിൽ നിയമപോരാട്ടത്തിലാണ്. മറ്റൊരാളുടെ ഭാര്യയെക്കുറിച്ച് അപവാദം പറയുന്നതിൽ സന്തോഷം കണ്ടെത്തിയപ്പോൾ തകർന്നത് എന്റെ ജീവിതമാണ്. 

കാടാച്ചിറ സ്വദേശി  പ്ലസ്ടു വിദ്യാർഥിനി പറയുന്നു

കാടാച്ചിറ സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതിന് അഭിവാദ്യം അർപ്പിച്ചു സ്കൂളിനു പുറത്ത് ഒരു ഫ്ലക്സ് ബോർഡ് വച്ചിരുന്നു. പിന്നീടു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കാണുന്നത് എന്റെ പേരിൽ  വാട്സാപ്പിൽ സന്ദേശം പ്രചരിക്കുന്നതാണ്.  അബദ്ധത്തിൽ സേഫ്റ്റിപിൻ വിഴുങ്ങിയതിനെ തുടർന്ന് എന്റെ സംസാരശേഷി നശിച്ചെന്നും ഓപ്പറേഷൻ നടത്താൻ 27 ലക്ഷം രൂപ വേണമെന്നുമായിരുന്നു സന്ദേശം. ഒപ്പം കൊടുത്ത പടം എ പ്ലസ് ഫ്ലക്സ് ബോർഡിലേതു തന്നെ.

ഓരോ ഷെയർ ചെയ്യുമ്പോഴും വാട്സാപ് കമ്പനി  2 രൂപ വീതം നൽകുമെന്നും  ആർക്കും ചെലവുമില്ലാത്ത ഉപകാരമല്ലേ എന്നും ചോദിച്ചുള്ള മെസേജ് നൂറുകണക്കിനു പേരാണ് ഷെയർ ചെയ്തത്. ഒടുവിൽ എന്റെ ബന്ധുവിന്റെ അടുത്തും സന്ദേശം എത്തിയതോടെയാണു വിവരം അറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി.

സത്യമേവ ജയതേ എന്ന പേരിൽ കണ്ണൂർ കലക്ടർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ നടത്തുന്ന ക്യാംെപയ്ന്റെ ലക്ഷ്യവും വ്യാജ വാർത്തകൾക്കെതിരെ കരുതിയിരിക്കുക എന്നതാണ്. അതേക്കുറിച്ചു കലക്ടർ

കലക്ടേഴ്സ് ടിപ്സ്

സ്വയം വിലയിരുത്തുക: സാമാന്യബുദ്ധി ഉപയോഗിച്ച്, ഇതു ശരിയാകാൻ ഇടയുണ്ടോ എന്നു ചിന്തിക്കുക.

വിദഗ്ധാഭിപ്രായം തേടാം: വസ്തുത ശരിയാണോ എന്നറിയാൻ വിദഗ്ധരെ സമീപിക്കാം.

കളിയോ കാര്യമോ: തമാശ ലക്ഷ്യമിട്ടുള്ള ഭാവനാസൃഷ്ടിയാണോ സന്ദേശം എന്നു പരിശോധിക്കുക.

ഉറവിടം ഏത് : ഏതു വെബ്സൈറ്റിൽ നിന്നുള്ള വാർത്ത, ആധികാരികത എത്രത്തോളം എന്നു പരിശോധിക്കാം.

എഴുതിയത് ആര്:  വാർത്ത ആരെഴുതിയതാണെന്നു നോക്കാം, ശരിക്കുള്ള പേരാണോ വ്യാജമാണോ?

രേഖകൾ യഥാർഥമോ:  വാർത്തയുടെ രേഖകൾ എന്ന മട്ടിൽ നൽകിയിരിക്കുന്ന ലിങ്ക് പരിശോധിച്ച് ഉറപ്പാക്കാം

സമൂഹമാധ്യമങ്ങളിലെ വ്യാജപോസ്റ്റുകൾക്ക്എതിരെ പ്രതികരിക്കുന്ന ഡോക്ടർമാരുടെ കൂട്ടായ്മയായ ഇൻഫോക്ലിനിക് അഡ്മിനും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ അധ്യാപികയുമായ ഡോ. ഷിംന അസീസ് പറയുന്നു

ചോദിക്കൂ മനഃസാക്ഷിയോട്

മെസേജ് മറ്റൊരാൾക്കു കൈകമാറും മുൻപ് ഇതു ശരിയാണോ, തെറ്റാണോ എന്ന് ഒരു മിനിറ്റ് ചിന്തിക്കുക. വിദ്യാഭ്യാസമുള്ളവർക്കു ഗൂഗിളിന്റെ സഹായം തേടാം. സാങ്കേതിക വിദ്യയെക്കുറിച്ച് അറിവില്ലാത്തവർക്കു സ്വന്തം മനഃസാക്ഷി ഉപയോഗിക്കാം. മെസേജ് സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്നതാണോ? ആർക്കെങ്കിലും മാനസിക പ്രയാസം ഉണ്ടാക്കുന്നതാണോ? പരദൂഷണമാണോ? അന്യന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതാണോ? ആണ് എന്നാണു മനഃസാക്ഷി പറയുന്നതെങ്കിൽ അതു ഷെയർ ചെയ്യേണ്ടതല്ല. 

തുടർന്നും ഫോർവേഡ് ചെയ്യണം എന്നു തോന്നുന്നുണ്ടെങ്കിൽ ഈ അവസ്ഥ സ്വന്തം ജീവിതത്തിലോ കുടുംബാംഗങ്ങൾക്കോ ആണെങ്കിൽ എന്തു ചെയ്യും എന്നു കൂടി ആലോചിക്കാം. എന്നിട്ടും അയയ്ക്കാൻ തോന്നുന്നുവെങ്കിൽ നിങ്ങൾ ഒരു മാനസിക രോഗിയാണ്. തീർച്ചയായും ചികിത്സ ആവശ്യമുണ്ട്

സൈബർ കേസുകളുമായി ബന്ധപ്പെട്ടു പരിശീലന ക്ലാസുകൾ നടത്തുന്ന എസ്ഐ എം.കെ.ഹരിപ്രസാദ് പറയുന്നു

ശ്രദ്ധിക്കൂ‘പണി’ ഒഴിവാക്കാം

സേഫ്റ്റിപിൻ വിഴുങ്ങി ശബ്ദം നഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ ഓപറേഷനു സഹായിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മെസേജ് കഴിഞ്ഞ ദിവസം കിട്ടി. എന്നാൽ മെസേജിനൊപ്പം ചേർത്തിട്ടുള്ള കുട്ടിയുടെ ചിത്രം 3 മാസം പോലും തികയാത്ത കുഞ്ഞിന്റേതാണ്. 3 മാസം പ്രായമായ കുഞ്ഞിന് എന്തു സംസാരശേഷി നഷ്ടപ്പെടാനാണ് എന്നു പോലും ഓർക്കാതെ ആ മെസേജ് എനിക്കു ഫോർവേഡ് ചെയ്തു തന്നത് ഒരു ഡോക്ടറായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം.

ഓർക്കുക, നിർദോഷമെന്നു കരുതി ഫോർവേഡ് ചെയ്യുന്ന പലതും സൈബർ നിയമപ്രകാരം കുറ്റകരമാണ്. കേരള പൊലീസ് ആക്ട്, ഐപിസിയിലെ വിവിധ വകുപ്പുകൾ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് തുടങ്ങിയവ അനുസരിച്ച് കേസെടുക്കും. 2 ലക്ഷം രൂപ മുതൽ പിഴ അടയ്ക്കേണ്ടി വരും. ഒപ്പം 5 വർഷം വരെ തടവും. കേരള പൊലീസിലും സാങ്കേതികവിദ്യ ഒരുപാട് മാറിയിട്ടുണ്ട്. വിദേശത്തിരുന്നു പോസ്റ്റ് ഷെയർ ചെയ്താൽ പോലും ആരാണു ചെയ്തതെന്നു തിരിച്ചറിയാൻ വഴിയുണ്ട്

മറ്റാരെങ്കിലും പോസ്റ്റിട്ടാലും വാട്സാപ് അഡ്മിൻ കുടുങ്ങും. ഇത്തരം സംഭവമുണ്ടാകുമ്പോൾ പോസ്റ്റിട്ടയാളുടെ പേരും വിവരങ്ങളും പോസ്റ്റിന്റെ സ്ക്രീൻഷോട്ടും സഹിതം പൊലീസിൽ പരാതി നൽകുകയാണ്  അഡ്മിൻ ചെയ്യേണ്ടത്