ഭിന്നശേഷിക്കാർക്ക് പ്രോത്സാഹനമേകി 'സ്വപ്നചിത്ര'; വ്യത്യസ്ത ചിത്രപ്രദർശനം

ഭിന്നശേഷിക്കാരുെട കരവിരുതിനെ പ്രോല്‍സാഹിപ്പിച്ച് 'സ്വപ്നചിത്ര' - ചിത്രപ്രദര്‍ശനം. ഭിന്നശേഷിക്കാര്‍ വരച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ ചിത്രപ്രദര്‍ശനം തുടങ്ങി. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക അതാത് കലാകാരന്മാരെ ഏല്‍പ്പിക്കും. പ്രദര്‍ശനം ഈമാസം പത്ത് വരെ തുടരും. 

പ്രദർശിപ്പിച്ചിരുക്കുന്ന ചിത്രങ്ങളെല്ലാം സാധാരണ കലാകാരന്മാര്‍ വരച്ചതല്ല. ഭിന്നശേഷിയുള്ള കലാകാരന്മാരാണ് ഇതിന് പിന്നില്‍. അതെ കയ്യില്ലാത്തവര്‍ കാലുകൊണ്ടും കയ്യും കാലുമില്ലാത്തവര്‍ ബ്രഷ് കടിച്ചുപിടിച്ചുമൊക്കെ സാഹസികമായി വരഞ്ഞവയാണിവ. ഇത്തരത്തിലുള്ള അമ്പത് കലാകാരന്മാരുടെ നൂറു ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ആദ്യമായി ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നവരാണ് ഭൂരിഭാഗവും. നടന്‍ മാമുക്കോയ പരിപാടി ഉദ്ഘാടനം ചെയ്തു. 

വില്‍പ്പനയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും കലാകാരന്മാരെ നേരിട്ട് ഏല്‍പ്പിക്കുന്നു. ഈ പ്രതിഭകളുടെ തുടര്‍യാത്രയിലും വഴികാട്ടിയായി കൂടെയുണ്ടാകുമെന്നാണ് ഡ്രീം ഓഫ് അസ് എന്ന കൂട്ടായ്മ നല്‍കുന്ന ഉറപ്പ്.