‘പോയി പണി നോക്കെടാ പാണ്ടീ’; വിജയ് സേതുപതിക്കെതിരെ ജാതീയ ആക്രോശം

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച വിജയ് സേതുപതിക്കെതിരെ സൈബർ ആക്രമണം. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിന് താഴെയാണ് പ്രതിഷേധ കമന്റുകൾ നിറയുന്നത്. ‘താഴ്ന്ന നിലയിൽ നിന്ന് ഉയർന്നുവന്ന താങ്കളോട് ബഹുമാനം ഉണ്ടായിരുന്നു. ഞങ്ങളുടെ വിശ്വാസത്തെ സംഹരിച്ചവന് പിന്തുണ നൽകിയപ്പോൾ അത് ഇല്ലാതായി. ഇനി ഒരിക്കലും താങ്കളെ പ്രോത്സാഹിപ്പിക്കില്ല’. ഇത്തരത്തിൽ ഒട്ടേറെ കമന്റുകളാണ് പേജിൽ. ഇതോടെ താരത്തെ അനുകൂലിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. 

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരാധകനാണെന്നും ശബരിമല വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നുവെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു. ഒരു ചാനൽ പരിപാടിയിൽ പിണറായി വിജയനൊപ്പം പങ്കെടുത്തു. അദ്ദേഹമെത്തുമ്പോഴേക്കും എല്ലാവരും നിശബ്ദരായി. ഞങ്ങളിരുവരും സംസാരിച്ചു. അതിനിടെ എനിക്ക് പത്തുമണിക്കാണ് ഫ്ലൈറ്റ് എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു,  ആദ്യം  താങ്കൾ പോയി സംസാരിക്കൂ എന്ന്. എത്ര ലളിതമായാണ് അദ്ദേഹം സംസാരിക്കുന്നത്. എല്ലാകാര്യങ്ങളും പക്വതയോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് അറിയാമെന്നും വിജയ്സേതുപതി പറഞ്ഞിരുന്നു. ഇത് സോഷ്യൽ ലോകവും ഏറ്റെടുത്തതോടെയാണ് താരത്തിനെ അവഹേളിച്ച് ചിലർ രംഗത്തെത്തിയിരിക്കുന്നത്.

ആലപ്പുഴയിൽ ചിത്രീകരണത്തിന് പോയപ്പോൾ ഞാൻ ഈയിടെ ഒരു ക്ഷേത്രത്തിൽ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. അത് അവിടുത്തെ രീതിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് വല്ലാതെ വേദനയുണ്ടാക്കി. കാസ്റ്റ് എന്നത് ഇപ്പോഴുമുണ്ട്. വിദ്യാഭ്യാസത്തിലൂടെയും പ്രണയ വിവാഹങ്ങളിലൂടെയും ഇതിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു., വിജയ് സേതുപതി പറഞ്ഞു.