വാതിലിന് മുന്നില്‍ കോണിപ്പടി; 'ബംഗാളിയുടെ മണ്ടത്തരമോ'? ചിത്രത്തിനു പിന്നിൽ

വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും അപ്പാടെ തന്നെ വിഴുങ്ങുന്നവരാണ് മലയാളികൾ. ഫ്രൂട്ടി കുടിച്ചാൽ എയ്ഡ്സ് വരുമെന്ന് തുടങ്ങി ലോകത്ത് കിട്ടാവുന്ന എല്ലാ വാർത്തകളും യാതൊരു പരിശോധനയുമില്ലാതെ ഷെയർ ചെയ്യുന്നവരുണ്ട്. ട്രോളൻമാരുടെ ഭാഷയിൽ പറഞ്ഞാൽ 'കേശവൻ അമ്മാവൻമാർ' പരത്തുന്ന ഇത്തരം വാർത്തകൾ ഉണ്ടാക്കുന്ന ഉപദ്രവം ചില്ലറയല്ലാതാനും.

ലോകത്തെ അത്ഭുതപ്പെടുത്തിയ ബംഗാളി എന്ന പേരിൽ ഒരു റൂമിന്റെ വാതിലിന് മുന്നിൽ തന്നെ കോണിപ്പടികൾ കോൺക്രീറ്റ് ചെയ്തു വച്ചിരിക്കുന്ന കാഴ്ചയാണ് ഇത്തവണ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. കേരളത്തിലെ ഏതോ പ്രദേശത്തു നിന്നുളള ചിത്രം എന്ന നിലയിലാണ് ഈ ചിത്രം വാർത്തയായതും ചർച്ചയായതും. 

ബംഗാളികൾ മണ്ടത്തരം കാണിക്കുന്നവരാണ് എന്ന അബദ്ധധാരണ പേറുന്ന ഒരാളുടെ ഭാവനയായിരുന്നു ബംഗാളിയാണ് ഈ കടുകൈയ്ക്കു പിന്നില്‍ എന്നത്. ഏതോ സപ്ലി എഴുതി മടുത്ത ബിടെക്കുകാരനാണെന്ന് ട്രോളൻമാരും പറഞ്ഞതോടെ സംഗതി കയറി കത്തുകയും ചെയ്തു. ബംഗാളിയാണെന്ന് മുദ്രകുത്തുന്നത് വംശീയ അധിക്ഷേപമാണെന്നും വാദം ഉയർന്നു.

കോൺക്രീറ്റ് കഴിയുന്നതു വരെ ഇത് ആരുടെയും ശ്രദ്ധയിൽ വന്നില്ലേ എന്നായി അടുത്ത ചോദ്യം. കോൺക്രീറ്റ് ചെയ്തവരും കോൺട്രാകട്റും കെട്ടിട ഉടമസ്ഥരും ആരും ഇത് മുൻപേ ശ്രദ്ധിച്ചില്ലേ എന്നായി പിന്നെ. 

വീട് പണിക്കിടയിൽ പ്ലാൻ മാറ്റുന്നതും സർവ സാധാരണമാണെന്നും വാദം ഉയർന്നു. എന്നാൽ കോണിപ്പടിയോ വാതിലോ മാറ്റാൻ തീരുമാനിച്ചതിനു ശേഷം നടത്തിയ നിർമ്മാണം ആണ് ഇതെന്നും ഏതോ വിരുതൻ കൗതുകത്തിനു വേണ്ടി ബംഗാളികളെ കൊട്ടിയിറിക്കിയ ശീർഷകമാണ് ഇതെന്നും ചർച്ചയുയർന്നു. 

എന്നാൽ വീടിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വന്നതോടെ ആ കാര്യത്തിലും തീരുമാനമായിരിക്കുകയാണ്. പഴയ ചിത്രത്തിൽ കാണിച്ചിരിക്കുന്ന സ്റ്റെയർ കേസിനു മുന്നിലുളള വാതിൽ മാറ്റിയിരിക്കുന്നു. പ്ലാൻ മാറ്റമാണ് എന്നത് വ്യക്തം. ബംഗാളിയെയോ പണിക്കാരനെയോ കുറ്റം പറയണ്ട കാര്യമില്ല. സാധാരണ നടത്തുന്ന ഒരു പ്ലാൻ മാറ്റം മാത്രം. ലോകത്തെ അത്ഭുതപ്പെടുത്തിയ ബംഗാളി വാട്സ്ആപ്പിൽ തന്നെയുളള ആരോ ആണ് എന്ന് ചുരുക്കം.