പെരുമ്പാമ്പിന്റെ വയറിൽ ചവിട്ടി കോഴികളെ പുറത്ത് ചാടിച്ചു; വിശദീകരണം ചോദിച്ച് ഹൈക്കോടതി

മുള്ളേരിയ ∙ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി വയറ്റിൽ നിന്നു കോഴികളെ പുറത്തെടുത്ത സംഭവത്തിൽ പാമ്പുപിടിത്ത വിദഗ്ദർ അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിനു വനംവകുപ്പിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. അനിമൽ ലീഗർ ഫോഴ്സ് ഇന്റഗ്രേഷന്റെ ജനറൽ സെക്രട്ടറി എയ്ഞ്ചൽ നായർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂൺ മാസത്തിൽ ചട്ടഞ്ചാലിലെ ഒരു വീട്ടിൽ നിന്നു പാമ്പിനെ പിടികൂടി മുഹമ്മദ് കോഴികളെ പുറത്തെടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

ഇതാണ് പരാതിക്കിടയാക്കിയത്. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറിൽ ചവിട്ടി 2 കോഴികളെ പുറത്ത് ചാടികുന്നതായിരുന്നു വീഡിയോ. സംഭവ സ്ഥലത്തുണ്ടായിരുന്ന ആരോ ഇത് പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ മുഹമ്മദിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എയ്ഞ്ചൽ നായർ അന്നു തന്നെ വനംവകുപ്പ് വിജിലൻസിനു പരാതി നൽകിയിരുന്നു

ഇക്കാര്യത്തിൽ പരാതിക്കാരനിൽ നിന്നു വനംവകുപ്പ് കൂടുതൽ വ്യക്തത തേടിയതല്ലാതെ തുടർ നടപടികളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. വനംവകുപ്പിനു ജില്ലയിൽ പാമ്പ് പിടുത്തക്കാരില്ലാത്തതിനാൽ നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടാൻ ഉപയോഗിക്കുന്ന താൽക്കാലിക ജീവനക്കാരൻ കൂടിയാണ് മുഹമ്മദ്