ബുര്‍ജ് ഖലീഫയില്‍ രാഹുല്‍ ‘മിന്നിത്തിളങ്ങി’യോ? ആ വിഡിയോയുടെ വാസ്തവം

രാഹുൽഗാന്ധി യുഎഇ സന്ദർശനത്തിന് തയാറെടുക്കുകയാണ്. ഈ വാർത്ത വന്നതിന് തൊട്ട് പിന്നാലെ ഇറങ്ങിയ ഒരു വിഡിയോയാണ് സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിൽ രാഹുലിന്റെ ചിത്രം പ്രദർശിപ്പിച്ചു എന്ന തലക്കെട്ടോടെ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്.

എന്നാൽ ഈ വിഡിയോ ബിയുഗോ എന്ന വിഡിയോ എഡിറ്റിങ്ങ് ആപ്ലിക്കേഷൻ വഴി നിർമിച്ചതാണ്. വിഡിയോയുടെ മുകളിൽ ആപ്പിന്റെ ചിത്രം വ്യക്തമായിക്കാണാം. ബുര്‍ജ് ഖലീഫയുടെ ട്വിറ്റര്‍ അക്കൗണ്ടിലും  ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടില്ല. ബുർജ് ഖലീഫയിൽ ഇതിനുമുമ്പ് മഹാത്മാഗാന്ധിയുട ചിത്രം മാത്രമാണ് പ്രദർശിപ്പിച്ചത്. 

2018ല്‍ മോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബുര്‍ജ് ഖലീഫയ്ക്ക് മേല്‍ മൂവര്‍ണ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബുര്‍ജ് ഖലീഫ ഇത് വ്യക്തമാക്കുകയും ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽഗാന്ധി യുഎഇയിൽ എത്തുന്നത്. രാഹുലിന്റെ ആദ്യ യുഎഇ സന്ദർശനം കൂടയാണിത്.