ടിക്ടോക്കില്‍ കുടുകുടാ ചിരിപ്പിച്ച ആ അമ്മാമ ഇവിടെയുണ്ട്: വിഡിയോ

ചിത്രത്തിന് കടപ്പാട്– വനിത

'റിമോട്ടിനൊരു ബാറ്ററി വാങ്ങിക്കണം എനിക്കിപ്പോ...സീരിയല് കാണാനാണ്. പിന്നേയ് ബാറ്ററിയേ..ആ ഒമ്പതിൽ കൂടി പൂച്ച ചാടണതായിക്കണം കേട്ടാ...' ഒമ്പതില്‍ക്കൂടി പൂച്ച ചാടണ ബാറ്ററിയേതാണെന്ന് കൊച്ചുമോൻ അന്തിച്ചു നിന്നും, ഒപ്പം സോഷ്യൽമീഡിയയും. അമ്മാമ്മ ഉദ്ദേശിച്ചത് എവറെഡിയുടെ ബാറ്ററിയാണെന്ന് അറിഞ്ഞതോടെ അന്ധാളിപ്പ് പൊട്ടിച്ചിരിയായി. ഇങ്ങനെ ഓരോ നമ്പരുകളിൽക്കൂടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഒരു കൊച്ചുമകനും അമ്മാമയും. 

സ്വാഭാവികമായ സംസാരശൈലിയും നിഷ്കളങ്കതയും കൊണ്ട് ടിക്ക് ടോക്കിലൂടെ താരമായിരിക്കുകയാണ് എൺപത്തിയഞ്ചുകാരി മേരി ജോസഫ് മാമ്പിള്ളി. എറണാകുളം നോർത്ത് പറവൂരിലെ ചിറ്റാറ്റുകര സ്വദേശിയായ സാധാരണക്കാരിയാണ് ഈ ടിക്ക് ടോക്ക് താരം അമ്മാമ്മ.  അമ്മാമ്മയെ വൈറലാക്കിയ കൊച്ചുമകന്റെ പേര് ജിൻസൺ. അമ്മാമ്മയ്ക്ക് ടിക്ക് ടോക്കിനെക്കുറിച്ചൊന്നും അറിയില്ലെങ്കിലും ഇവരുടെ ഓരോ പ്രകടനവും ഹൃദ്യമാണ്. അമ്മാമ്മ മേരിയും കൊച്ചുമകൻ ജിൻസണും ഒന്നിക്കുന്ന വിഡിയോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

പക്ഷെ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയുമായാണ് കൊച്ചുമോൻ പുതിയ വിഡിയോയിൽ എത്തിയിരിക്കുന്നത്. പ്രവാസിയായ ജിൻസൺന്റെ ലീവ് അവസാനിച്ചു. അമ്മാമ്മയെ തനിച്ചാക്കി കൊച്ചുമകൻ തിരികെ പോകുകയാണ്. ആരാധകരെ കുറച്ചൊന്നുമല്ല ഈ വാർത്ത വേദനിപ്പിച്ചിരിക്കുന്നത്. അടുത്ത ലീവിന് വരുമ്പോൾ അമ്മാമ്മയ്ക്കൊപ്പമുള്ള വിഡിയോയ്ക്കായുള്ള കാത്തിരിപ്പിലാണേവരും.