‘പുലിവര’യിൽ തൃശൂരിന്റെ നർമത്തിന് നിറം കൂടുന്നു; പ്രാഞ്ചിയേട്ടൻ മുതൽ‍ ജോര്‍ജ്കുട്ടി വരെ

തൃശൂരിന്റെ നര്‍മം ചിത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രകാരന്‍ പി.ജി.ദിനേഷ്. പുലിവരയെന്ന് പേരിട്ട് വരച്ച ചിത്രങ്ങള്‍ മറ്റു ചിത്രപ്രദര്‍ശനങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുകയാണ്.

തൃശൂര്‍ ചെവ്വൂര്‍ സ്വദേശിയായ പി.ജി.ദിനേഷ് ചിത്രകലയില്‍ ഒരു പരീക്ഷണം നടത്തി. സ്വന്തം നാടിന്റെ നര്‍മം ചിത്രങ്ങളില്‍ കൊണ്ടുവരികയെന്ന ഭഗീരഥ പ്രയത്നം. ആക്ഷേപഹാസ്യമാണ് പ്രമേയം. അധികാരത്തില്‍ ഔദ്യോഗിക വേഷത്തിലിരിക്കുന്നവരെ ആക്ഷേപഹാസ്യമായി ചിത്രീകരിക്കുകയെന്ന പരീക്ഷണമാണ് പയറ്റിയത്. സൈനിക മേധാവിയുടെ വേഷത്തില്‍ പേര് പ്രാഞ്ചിയേട്ടന്‍. പണത്തിനു പകരം ജോര്‍ജ്കുട്ടി എന്ന പ്രയോഗം. തുടങ്ങി തൃശൂരിന്റെ പ്രാദേശിക തലത്തിലുള്ള വര്‍ത്തമാനങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചത്.

ചിത്രങ്ങള്‍ക്കു പുറമെ നാല്‍പതു ശില്‍പങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് ദിനേഷ്. ദേശീയ, സംസ്ഥാന തലങ്ങളില്‍ ചിത്രകലയില്‍ നിരവധി പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ കലാകാരന്‍കൂടിയാണ് ഇദ്ദേഹം.