എന്നും ഇർഫാനൊപ്പം; ഒടുവിൽ കണ്ടപ്പോൾ മറിയാമ്മ ഉമ്മൻ വിതുമ്പി; കണ്ണീർക്കാഴ്ച

വേദനയോടെയാണ് ഇർഫാന്റെ മരണവാര്‍ത്ത കേരളം കേട്ടത്. ഇർഫാനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിനാളുകളാണ് വീട്ടിലെത്തിയത്. അക്കൂട്ടത്തിൽ മറിയാമ്മയും ഉണ്ടായിരുന്നു. ഭർത്താവ് ഉമ്മൻ ചാണ്ടിക്കും മകൻ ചാണ്ടി ഉമ്മനുമൊപ്പമാണ് ഇർഫാൻ വീട്ടിലെത്തിയത്. 

അപകടമുണ്ടായതു മുതൽ ചികിത്സക്കും ഇർഫാനു വേണ്ടി സ്വന്തമായി വീടു നിർമിക്കുന്നതിനുമെല്ലാം മുൻപന്തിയുണ്ടായിരുന്നു മറിയാമ്മ. രാവിലെ പത്തോടെയായിരുന്നു ഇർഫാൻ വിട പറഞ്ഞത്. പാർ‌ട്ടി പ്രവർത്തകർ ഇക്കാര്യം ഉമ്മൻചാണ്ടിയെ വിളിച്ചറിയിച്ചു. ഉച്ചക്ക് ഒന്നരയോടെ മൂവരും ഇർഫാന്റെ വീട്ടിലെത്തി. വെളള തുണിയിൽ ശരീരം പൊതിഞ്ഞു കിടത്തിയിരിക്കുകയായിരുന്നു അപ്പോൾ.

ഒരു നോക്കു കാണണമെന്ന് മറിയാമ്മ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തലയുടെ ഭാഗത്തെ തുണി മാറ്റി. സങ്കടം അടക്കാനാവാതെ മറിയാമ്മ വിതുമ്പി. രംഗം കണ്ടു നിന്ന ഇർഫാന്റെ പിതാവ് ഷാജഹാൻ ഉൾപ്പെടെയുള്ളവരുടെ കണ്ണുകളും നിറഞ്ഞു. ഷാജഹാനേയും ഇർഫാന്റെ സഹോദരിയേയും ആശ്വസിപ്പിച്ച ശേഷമാണ് മറിയാമ്മ മടങ്ങിയത്.

2011 ഫെബ്രുവരി 17 ന് കരിക്കകത്തുണ്ടായ അപകടത്തിലാണ് ഇർഫാന് ഗുരുതരമായി പരുക്കേറ്റ് ശരീരം തളർന്നു പ്രതികരണശേഷി പോലും ഇല്ലാതായത്. വാടക വീട്ടിലായിരുന്ന ഇർഫാന്റെ കുടുംബത്തിന് വീടൊരുക്കിയത് മറിയാമ്മയുടെയും കൂടി ശ്രമ ഫലമായാണ്. മലബാർ ഗോൾഡ് നൽകിയ 5 ലക്ഷം രൂപയും നാട്ടുകാരുടേയും സമുനസുകളുടേയും സഹായത്താൽ വീടു നിർമാണം പൂർത്തിയാക്കി.

വീടിന്റെ കല്ലിടലും പാലു കാച്ചും നടത്തിയതും മറിയാമ്മയാണ്. ഇർഫാന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ വിവരിച്ച് മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് നിവേദനം നൽകി. ഇതു പരിഗണിച്ച ഉമ്മൻചാണ്ടി പിതാവ് ഷാജഹാന് ശിശു ക്ഷേമ സമിതിയിൽ ജോലി നൽകി. ഇർഫാന്റെ ചികിത്സക്കായി 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

നാടിനെ നടുക്കിയ ദുരന്തത്തിൽ അഞ്ചു കുഞ്ഞുങ്ങളും ആയയുമാണ് മരിച്ചത്. ഇർഫാൻ മാത്രം രക്ഷപ്പെട്ടു. ശ്വാസകോശത്തിൽ വെള്ളം കയറിയതിനെ തുടർന്നുണ്ടായ അവസ്‌ഥ അതിജീവിക്കാനാകാതെയാണ് ഏഴു വർഷം നീണ്ട ചികിത്സക്കൊടുവിൽ ഇർഫാന്റെ മരണം.