ആസിമിന്റെ ഒരു മോഹം പൂവണിഞ്ഞു; ഇനി പരസഹായമില്ലാതെ ‘ഒത്തിരി’ ദൂരം

സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും ജീവിത യാത്രയിലെ വിദ്യാഭ്യാസ അവകാശ പോരാളിയുമായ ആസിം വെളിമണ്ണയ്ക്ക് ഇത് ആഗ്രഹ സാഫല്യത്തിന്‍റെ നേരം. അത് പൂവണിഞ്ഞതാകട്ടെ കോഴിക്കോട് മുക്കത്തിനടുത്ത് എരഞ്ഞിമാവിലെ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവര്‍ക്കായുള്ള വിദ്യാലയമായ ലൗഷോറിലൂടെയും. തന്‍റെ നാട്ടില്‍ സ്കൂള്‍ അനുവദിച്ചുകിട്ടാന്‍ മുഖ്യമന്ത്രിമാരുടെ അരികിലെത്തിയാണ് ആസിം ശ്രദ്ധനേടിയത്. 

ഏതാനും ദിവസം മുൻപ് ലൗഷോർ ജനറൽ സെക്രട്ടറി യു.എ.മുനീറിനോട് തനിക്ക്  സ്വന്തമായി പുറം ലോകം കാണാനുള്ള അവസരം പരിമിതമാണെന്നും തന്റെ എല്ലാം ആഗ്രഹങ്ങൾക്കും പിതാവിനെ ആശ്രയിക്കണമെന്നും ആസിഫ് പറഞ്ഞിരുന്നു. തനിക് ഒരു ഇലക്ട്രിക് വീൽചെയർ ലഭിച്ചാൽ സ്വന്തമായി പരിസരത്തും മറ്റും പോകാനുള്ള അവസരം  ഉണ്ടാവുമെന്നും വേദനയോടെ അറിയിച്ചു. 

ആസിമിന്റെ വേദനയും പ്രയാസവും മനസിലാക്കിയ മുനീർ ജീവകാരുണ്യ പ്രവർത്തകനായ എ.പി.ശംസുദ്ധീൻ കൽപകഞ്ചേരിയോട് ഈ ദുരവസ്ഥ പറഞ്ഞതോടെ വഴി തെളിയുകയായി. രണ്ടു ലക്ഷത്തോളം വിലയുള്ള  ഒരു അതിനൂതന ഇലക്ട്രിക് വീൽചെയറാണ് പിന്നാലെ ആസിഫിനായി ഒരുങ്ങിയത്. 

ലൗ ഷോറിലെ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാര്‍ഥികളുമായി ആസിം സൗഹൃദം പങ്കിട്ടു. കുശലം പറഞ്ഞും പാട്ടു പാടിയും അവർ പരസ്പരം സന്തോഷങ്ങൾ പങ്ക് വെച്ചു. ആസിം തന്റെ കാലുകൾ കൊണ്ട് ലൗ ഷോറിലെ മക്കൾക്ക് ചിത്രങ്ങൾ വരച്ചു കൊടുത്തു. തന്റെ ഇഷ്ട ആഗ്രഹം സാധിപ്പിച്ച ശംസുകാക്ക് കാലുകൾ കൊണ്ട് തന്റെ നന്ദി എഴുതിയ കത്തും ആസിം സുബ്ഹാന് കൈമാറി. 

ലൗ ഷോർ സ്കൂളിൽ നടന്ന ചടങ്ങിൽ എ.പി.ഷംസുദ്ധീന്‍റെ പുത്രൻ എ.പി.അബ്ദു സുബ്ഹാൻ ആസിമിന് ഇലക്ട്രോണിക്  വീൽചെയർ കൈമാറി. ലബീബ് കൽപകഞ്ചേരി, യു.എ.മുനീർ, റഷീഫ് കണിയാത്ത്, ബംഗാളത്ത് അബ്ദുറഹിമാൻ, ലൈസ് ചേന്ദമംഗലൂർ, സൈദ് വെളിമണ്ണ, സുഹൈൽ, കാകീരി അബ്ദുള്ള മാസ്റ്റർ, സി.പി.സാദിഖ് റഹ്‌മാൻ, യു.ആമിന ടീച്ചർ, ഷർജാസ് റഹ്‌മാൻ, ഹരിദാസൻ മാസ്റ്റർ  തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.