ആ യാത്രയയപ്പിലെ നായകന്‍ മൊയ്തു ഇവിടെയുണ്ട്; അഭിമാനം പങ്കിട്ട് മകന്‍

മൂന്നു പതിറ്റാണ്ട് സൗദി കുടുംബത്തില്‍ ജോലിക്കാരനായിരുന്ന മൊയ്ദു ചെറിയാണ്ടീരകത്തിന് ലഭിച്ച ഹൃദ്യമായ യാത്രയയപ്പ് ലോകമാധ്യമങ്ങള്‍ ആഘോഷമാക്കുമ്പോള്‍ അഭിമാനം പങ്കുവച്ച് മകന്‍. സൗദി കുടുംബം ഹൃദയം കൊണ്ട് യാത്രയയപ്പ് നൽകുന്ന വാർത്ത ഷെയര്‍ ചെയ്ത് കുറിപ്പിട്ട ദുബായിലുള്ള മകന്‍ ഷെബിർ ഷായെ സ്നേഹാശംസകള്‍ കൊണ്ട് മൂടി സോഷ്യല്‍ ലോകവും. ‘ഇത് എന്റെ പിതാവാണ്. എന്‍റെ പിതാവില്‍ ഞാന്‍ അഭിമാനിക്കുന്നു..’ എന്നാണ് മകന്‍റെ സാക്ഷ്യം. റിയാദിലെ അൽ ജൗഫിലുള്ള സൗദി കുടുംബമാണ് മൂന്നു പതിറ്റാണ്ട്  കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശി മൊയ്ദു ചെറിയാണ്ടീരകത്തിന് രാജകീയമായ യാത്രയയപ്പ് നല്‍കിയത്. സ്നേഹത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഈ വാര്‍ത്ത് അറബ് ചാനലുകളടക്കം വന്‍പ്രാധാന്യത്തോടെയാണ് നല്‍കിയത്. 

പ്രായവ്യത്യാസം ഇല്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തിയാണ് മൊയ്ദുവിന് യാത്രയയപ്പ് നൽകിയത്. എല്ലാമാസവും ഇനി പെൻഷനും അദ്ദേഹത്തിന് നൽകും. സത്യസന്ധനും വിശ്വസ്തനും സ്നേഹമുള്ളവനുമായിരുന്നു മൊയ്ദു എന്ന് ഈ കുടുംബത്തിലെ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. 35 വർഷം സൗദിയിലെ ഒരു കുടുംബത്തിൽ ജോലിക്കാരനായിരുന്നു മൊയ്തു. രാജകീയ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാതിന് പിന്നാലെയാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

അംഗങ്ങൾ വരിയായി നിന്ന് യാത്ര പറഞ്ഞു. കുടുംബത്തിലെ ഒരു അംഗം യാത്ര പോകുന്നത് പോലെ ചിലർ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചു. വീട്ടിലെ കൃഷികാര്യങ്ങളും ഹൈവേയിലെ റസ്റ്റ് ഹൗസിൽ ചായയും കാപ്പിയും വിതരണം ചെയ്യുകയുമായിരുന്നു ജോലി. വടക്കൻ സൗദിയിലെ അൽ ജോഫിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇതുവഴി പോകുന്ന യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതായിരുന്നു റസ്റ്റ് ഹൗസ്.

യാത്രയാക്കുമ്പോൾ കൈനിറയെ പണവും സമ്മാനങ്ങളും നൽകാൻ സൗദി കുടുംബം മറന്നില്ല. പക്ഷേ, അതിലും വലിയ കാര്യം തങ്ങളെ 35 വർഷം സേവിച്ച വ്യക്തിക്ക് ഇന്ത്യയിൽ എത്തിയ ശേഷം സുഖമായി ജീവിക്കാൻ മാസം പെൻഷൻ പോലെ ഒരു തുക നൽകുമെന്നും ഇവർ പറഞ്ഞു.

മൊയ്തു പ്രതിനിധീകരിക്കുന്നത് സത്യസന്ധതയാണ്. തങ്ങളുടെ കുടുംബത്തോട് അദ്ദേഹം ചെയ്ത ആത്മാർഥതയും മഹാമനസ്കതയും വളരെ വലുതാണെന്നും സൗദി കുടുംബാംഗം അവാദ് ഖുദൈർ അൽ റെമിൽ അൽ ഷെമീരി പറഞ്ഞു. കുട്ടികളോടും മുതിർന്നവരോടും എല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മികച്ചതായിരുന്നു. ഞങ്ങളിൽ ഒരാളെ പോലെയാണ് അദ്ദേഹത്തെ കരുതിയതെന്നും ഉടമസ്ഥരില്‍ ഒരാൾ പറഞ്ഞു. ഞങ്ങൾ എന്താണോ ചെയ്തത് അത് സൗദിയുടെ മൂല്യമാണ്. അതിന് രാജ്യമോ പദവിയോ വിഷയമല്ലെന്നും അൽ ഷെമീരി വ്യക്തമാക്കി.

1980 കാലഘട്ടത്തിലാണ് മൊയ്തു സൗദിയയില്‍ എത്തിയത്. അന്നുമുതല്‍ സൗദിയിലെ ഈ കുടുംബത്തിന്‍റെ റസ്റ്റ് ഹൗസില്‍ പരിചാരകനായി ജോലി ചെയ്ത് വരികയായിരുന്നു. ഇനി അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്. നാട്ടിൽ കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.  അറബ് കുടുംബം ഇദ്ദേഹത്തെ സംബോധന ചെയ്തിരുന്ന മീദോ ഷെറിൻ എന്ന പേരിലായിരുന്നു മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.