സേതുലക്ഷ്മിയമ്മയുടെ മകന് വൃക്ക നല്‍കാമെന്ന് പൊന്നമ്മ ബാബു; കടലോളം നന്‍മ

മലയാളി ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ആവശ്യക്കാര്‍ക്ക് മുന്നില്‍ കടലോളം നന്‍മയുമായി ചെന്നുനില്‍ക്കും. ഉദാഹരണങ്ങൾ പലതുണ്ട്. അക്കൂട്ടത്തിലേക്ക് എഴുതിച്ചേർക്കാം ഇതും. ദിവസങ്ങൾക്ക് മുൻപ് നടി സേതുലക്ഷ്മിയമ്മ മകന്റെ ജീവന് വേണ്ടി മലയാളിക്ക് മുന്നിൽ കൈനീട്ടിയപ്പോൾ കയ്യഴിച്ച് സഹായിക്കാൻ എല്ലാവരും ഒാടിയെത്തി. ആശ്വാസവാക്കുകളുമായി താരങ്ങളും അമ്മ സംഘടനയും എത്തി. അക്കൂട്ടത്തിൽ പൊന്നമ്മ ബാബു സേതുലക്ഷ്മി അമ്മയോട് പറഞ്ഞ വാക്കുകളിൽ സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട മുഖമാണ്. മനോരമ ന്യൂസ് ഡോട്ട്കോമിനോട് പൊന്നമ്മ ബാബു ഇങ്ങനെ പറയുന്നു:

ഇന്നാണ് ചേച്ചിയുടെ ആ വിഡിയോ ഞാൻ കണ്ടത്. ഞാനും ഒരമ്മയല്ലേ എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ അപ്പോൾ തന്നെ ഫോണെടുത്ത് ചേച്ചിയെ വിളിച്ചു. കാര്യങ്ങളൊക്കെ ചോദിച്ചു. കിഷോറിന് ഞാൻ കിഡ്നി തരാം എന്നു ചേച്ചിയോട് പറഞ്ഞു. അമ്പരപ്പായിരുന്നു ചേച്ചിക്ക്. ഒരുപാട് പേർ വിളിച്ചിരുന്നു. പലരും എന്നോടുള്ള സ്നേഹം കൊണ്ട് സൗജന്യമായി കിഡ്നി തരാമെന്ന് പറഞ്ഞു. ഇപ്പോ നീയും... വാക്കുകളിൽ സേതുലക്ഷ്മിയമ്മ ഇടറി.. നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാര്യം ഞാൻ പറഞ്ഞത്. വാർത്തകളിൽ നിറയാനൊന്നുമല്ല. എന്റെ കൂടപ്പിറപ്പുകളിൽ ഒരാളാണ് സേതുലക്ഷ്മിയമ്മ. കിഷോറിന്റെ അവസ്ഥയിൽ ആ അമ്മ വേദനിക്കുന്നത് എത്രത്തോളെമെന്ന് എനിക്കറിയാം. 

ഒട്ടേറെ പരിശോധനകൾ നടത്തേണ്ടതുണ്ട്. എനിക്ക് ഷുഗറൊക്കെ ഉണ്ട്. അതൊക്കെ ഇതിന് തടസമാണോ എന്ന് അറിയില്ല. പരിശോധനകൾക്ക് പോകണം. ആ അമ്മയുടെ മകന് വേണ്ടി എന്റെ കിഡ്നി വേണമെങ്കിൽ ഞാൻ കൊടുക്കും. അത് തീർച്ച. കേരളം ഒപ്പമുണ്ട്. എന്നെ പോലെ ഒരുപാട് പേർ സമ്മതം അറിയിച്ച് വിളിച്ചതായി സേതുലക്ഷ്മിയമ്മ പറഞ്ഞിരുന്നു. എനിക്ക് ഉറപ്പുണ്ട്. കൂടുതൽ കരുത്തനായി കിഷോർ മടങ്ങി വരും. പൊന്നമ്മ ബാബു പറയുന്നു. 

ദിവസങ്ങൾക്കു മുമ്പ് കേരളക്കരയ്ക്കു മുന്നിൽ കൈകൂപ്പി ആ അമ്മ പറഞ്ഞ വാക്കുകൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നതിന്റെ സൂചനകളാണിതെല്ലാം. 14 വർഷംനീണ്ട വേദനകളിൽ നിന്നും കിഷോറും മടങ്ങി വരവിന് തയാറെടുക്കുകയാണ്. മലയാളിയുടെ ഇൗ കാരുണ്യപ്രവാഹവും തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ ഡയാലിസിസ് വാർഡിലേക്ക് എത്തുമ്പോൾ കിഷോറിനും സേതുലക്ഷ്മിയമ്മയ്ക്കും പ്രതീക്ഷയുടെ പുതിയ വെളിച്ചമാണ് ഒാരോ കോളുകളും സമ്മാനിക്കുന്നത്.