ലിനിയുടെ ഓർമപ്പെടുത്തലുമായി ഒരു ആൽബം; ഇവർ ദൈവത്തിൻറെ മാലാഖ

നിപ്പ വൈറസ് ബാധയുടെ രക്തസാക്ഷിയായ നഴ്സ് ലിനിയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായി ഒരു സംഗീത ആല്‍ബം. ഇവര്‍ ദൈവത്തിന്‍റെ മാലാഖ എന്നു പേരിട്ട ആല്‍ബം കോഴിക്കോട്ടുകാരനായ ജിതിന്‍ ടിങ്കുവാണ് അണിയിച്ചൊരുക്കിയത്. വീണ്ടുമൊരു നിപ്പ ജാഗ്രതാ നിര്‍ദേശം വരുമ്പോള്‍ എല്ലാവരും കരുതലോടെ ഇരിക്കണമെന്നും ആല്‍ബത്തിലൂടെ പറയുന്നു. 

ലിനി, നിപ്പയെന്ന മഹാമാരി കേരളത്തെ പിടിച്ചുലച്ചപ്പോള്‍ രോഗികള്‍ക്ക് സ്നേഹ സാന്ത്വനത്തിന്‍റെ മാലാഖയായവള്‍. മരണം ഉറപ്പായ ഘട്ടത്തില്‍ പറക്കുമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി  ഭര്‍ത്താവിനൊരു കത്തും എഴുതിവച്ചായിരുന്നു  ലിനിയുടെ അവസാന യാത്ര. അഞ്ചുവയസുകാരന്‍ സിദ്ധാര്‍ഥിനും രണ്ടു വയസുകാരന്‍ റിതുലിനും ഇപ്പോഴും കൃത്യമായറിയില്ല അമ്മ ഒരിക്കലും തിരിച്ചുവരില്ലെന്ന്. അവരുടെ നൊമ്പരത്തില്‍ നിന്നാണ് ഈ സംഗീത ആല്‍ബം പിറക്കുന്നത്. സൈനുലാബിദും സുറുമി വയനാടുമാണ് ഗായകര്‍. രത്നഭൂഷണ്‍ കളരിക്കലിന്‍റേതാണ് വരികള്‍.