വാട്സാപ്പിൽ ഇപ്പോഴും ബാലുവിന്റെ ശബ്ദം, അവൻ പറഞ്ഞത്...വേദനയോടെ അൽഫോൺസ്

ആ വയലിനിനിൽ നിന്നും ഉയർന്ന ഇമ്പമേറിയ സ്വരം അത്ര പെട്ടെന്നൊന്നും നമ്മളെ വിട്ടുപോകില്ല. സുഹൃത്തുക്കൾക്കും ഉറ്റവർക്കും ഇന്നും ബാലഭാസ്കറിന്റെ വിയോഗം ഉൾക്കൊള്ളാനായിട്ടില്ല. അടുപ്പക്കാർക്കു അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പറഞ്ഞു മതി വരുന്നില്ല. ചിലർക്കു സുഖമുള്ള ഓർമകളാണെങ്കിൽ മറ്റു ചിലർക്കു വേദനിക്കുന്നതാണ്. 

കൂട്ടുകാരനും സംഗീതസംവിധായകനുമായ അൽഫോൺസ് ജോസഫിനുമുണ്ട് ബാലഭാസ്ക്കറെക്കുറിച്ച് നൊമ്പരപ്പെടുത്തുന്ന ഓർമകൾ. അപകടത്തിനു മുൻപ് ബാലഭാസ്ക്കർ അയച്ച വാട്സാപ്പ് സന്ദേശം ഇപ്പോഴും തന്റെ ഫോണിലുണ്ടെന്നു അൽഫോൺസ് പറയുന്നു. 

അൽഫോൺസിന്റെ വാക്കുകൾ- 'ഒരുപാട് ഓര്‍മകൾ സമ്മാനിച്ചാണു ബാലു പോയത്. റെക്സ് ബാന്റിന്റെ ഒരു റെക്കോർഡിങ് സമയത്തു കോട്ടയത്തുള്ള ബെന്നിച്ചേട്ടനാണ് എന്നോടു ബാലുവിനെ പറ്റി പറയുന്നത്. ബെന്നിചേട്ടനും കണ്ണൻചേട്ടനും ബാലുവിന്റെ പുതിയ സിനിമയ്ക്ക് കീബോർഡ് ചെയ്യാൻ പോയിരുന്നു. ബാലുവിനെ പറ്റി അവർ പറയുന്നത് ഇങ്ങനെയാണ്. ഒരു കിടിലൻ പയ്യൻ വന്നിട്ടുണ്ട്. വയലിനിസ്റ്റ്, ശാസ്ത്രീയ സംഗീതത്തിലും വയലിനിലുമെല്ലാം അവനു നല്ല അറിവും അടിത്തറയും ഉണ്ട്. 

അന്നു മുതൽ ബാലുവിനെ പരിചയപ്പെടണമെന്ന ആഗ്രഹമായിരുന്നു എനിക്ക്. പിന്നീട് ബാലുവും ഞാനും ഒരു റിയാലിറ്റി ഷോയുടെ വിധി കർത്താക്കളായി. പിന്നീട് പല പ്രോഗ്രാമുകളിലും മറ്റും ഞങ്ങൾ ഒരുമിച്ചുണ്ടാകാൻ തുടങ്ങി. അപ്പോള്‍ നമ്മൾ കൂടുതൽ അടുത്തു. അപ്പോൾ ഞാൻ ഒരിക്കൽ ബാലുവിനോടു ചോദിച്ചു. ബാലു ഇങ്ങനെ നടന്നാൽ മതിയോ ഒരു കുഞ്ഞൊക്കെ വേണ്ടേ. കുഞ്ഞുണ്ടായാൽ നമ്മുടെ ജീവിതം തന്നെ മാറും. കുഞ്ഞുണ്ടായി കഴിഞ്ഞപ്പോൾ ബാലു പറഞ്ഞു. ചേട്ടാ ആദ്യം വിളിക്കുന്നതു ചേട്ടനെയാണു കേട്ടോ. ഞങ്ങൾക്കു വേണ്ടി ഏറ്റവും കൂടുതൽ പ്രാർഥിച്ചവരിൽ ഒരാൾ ചേട്ടനാണ്. ആദ്യം അറിയിക്കുന്നതും ചേട്ടനെ തന്നെയാണ്. 

ഞങ്ങൾ മഴവിൽ മനോരമയിൽ ഒരു പരിപാടിയിൽ ഒരുമിച്ചു വന്നു. ഒന്നും ഒന്നും മൂന്ന്. അത് ഒരിക്കലും മറക്കാൻ കഴിയില്ല. ഇത്രത്തോളം ആസ്വദിച്ച ഒരു പരിപാടി വേറെയുണ്ടാകില്ല. പിന്നീട് വേൾഡ് മ്യൂസിക് ഫെസ്റ്റിവെല്ലിൽ പങ്കെടുത്തപ്പോൾ ഒരുപാട് നല്ല സമയങ്ങൾ ഞങ്ങൾ ഇരുവർക്കും ഇടയിൽ ഉണ്ടായി.  അതിനുശേഷം ഞാൻ യുഎസിൽ പോകുന്നതിന്റെ മുന്നോടിയായി,  ബാലുവിന്റെ ഒരു മിസ് കോൾ  വന്നു. ഒരു പ്രത്യേക കാര്യം പറയാൻ വേണ്ടിയായിരുന്നു അത്. ബാലുവിന്റെ മെസേജുകൾ യുഎസ്സിൽ എത്തിയപ്പോഴാണു ഞാൻ കണ്ടത്. അപ്പോൾ ഞാൻ തിരിച്ചു വിളിച്ചു. ഞങ്ങൾ സംസാരിച്ചു.ബാലൂ ഞാൻ വിളിക്കാം. നമുക്ക് വിശദമായി സംസാരിക്കാമെന്നു പറഞ്ഞു. ബാലു ചെയ്യാനിരിക്കുന്ന ഏതാനും കാര്യങ്ങളെ കുറിച്ചായിരുന്നു ആ സംഭാഷണം. 

എനിക്ക് അത്യാവശ്യമായി ന്യൂയോർക്കില്‍ പോകണമായിരുന്നു. അവിടെ പോയി വന്നിട്ടു ഞാൻ ബാലുവിനെ വിളിക്കാമെന്നു കരുതി. പിന്നെ കേൾക്കുന്ന വാർത്ത ബാലുവിന് അപകടം പറ്റി എന്നായിരുന്നു. അതുകേട്ട് സ്റ്റീഫനെ  വിളിച്ചപ്പോഴാണ് അതിന്റെ യഥാർഥ ചിത്രം അറിയുന്നത്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളെല്ലാം എനിക്കു വളരെ പ്രയാസയമായിരുന്നു. കാരണം ഇന്നലെ എന്നപോലെഞങ്ങൾ വർത്തമാനം പറഞ്ഞതാണ്. 

എന്റെ വാട്സ്ആപ്പിൽ ഇപ്പോഴും ആ ശബ്ദം കിടക്കുന്നുണ്ട്. ഒരാഴ്ച ഞാൻ വല്ലാത്തൊരു മാനസീകാവസ്ഥയിലായിരുന്നു.ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ ബാലുവിന്റെ ജീവിക്കുന്ന ഓർമകളാണുള്ളത്. മരിച്ചിട്ടുള്ള ബാലുവിന്റെ മുഖം കാണാൻ ഞാൻ ആഗ്രഹിച്ചില്ല. നല്ല കുറെ ഓർമകൾ ബാലു നൽകിയിട്ടുണ്ട്. അനുഭവങ്ങളും സംഗീതവും ഉണ്ട്. ബാലുവിന്റെ സംഗീതം എത്ര അർഥവത്താണ്. ബാലു ചിട്ടപ്പെടുത്തിയ പാട്ടുകളും അങ്ങനെയുള്ളതാണ്. മരണം നമുക്ക് പ്രവചിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ. എങ്കിലും ഇത്തരം ഓർമകളാണു നമ്മളെ മറക്കാതെ കൊണ്ടു പോകുന്നത്. തീർച്ചയായും ബാലുവിന്റെ ഓർമകളാണു മനസ്സു നിറയെ