വീട്ടുമുറ്റത്ത് നിന്നപ്പോൾ വെടിയേറ്റിട്ട് നാലുവർഷം; ഭീതിയൊഴിയാതെ ഓമന

ഓമന(വലത്) വെടിയുണ്ട തുളച്ചുകയറിയ അജിത്തിന്റെ വീട്ടിൽ മലയിൻകീഴ് പൊലീസും ബാലിസ്റ്റിക് വിഭാഗവും പരിശോധന നടത്തുന്നു. കരസേനാ ഉദ്യോഗസ്ഥരെയും കാണാം. (ഇടത്)

മലയിൻകീഴ് വീട്ടുമുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഓമന(62)യുടെ മനസ്സിൽ ഇന്നും പേടി ഓടിയെത്തും. നാലു വർഷം മുൻപു മാർച്ചിലെ ഒരു പ്രഭാതത്തിൽ വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണു വിളവൂർക്കൽ മലയം പുകവലിയൂർക്കോണം ഗ്രീൻകോട്ടേജിൽ ഓമനയുടെ വയറ്റിൽ വെടിയുണ്ട തട്ടി തെറിച്ചത്. കാലങ്ങൾക്കുശേഷം തന്റെ താമസസ്ഥലത്തുനിന്ന് ഏറെ അകലെയല്ലാത്ത മറ്റൊരു വീടിനുള്ളിലേക്കു വെടിയുണ്ട തുളച്ചുകയറിയ കാര്യം ഇന്നലെ മനോരമയിൽ വായിച്ചറിഞ്ഞപ്പോൾ പേടി മറവിയുടെ മറനീക്കി പുറത്തുവന്നു. 

അന്ന് ഓമനയ്ക്കു വയറ്റിൽ സാരമായ മുറിവുപറ്റി. കല്ലു കൊണ്ടതാകാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ മുറ്റത്തു നിന്നു ചോര പറ്റിയ വെടിയുണ്ട കിട്ടിയപ്പോൾ ഭയന്നു. സർവകലാശാലാ മുൻ ജീവനക്കാരനായ ഭർത്താവ് രവീന്ദ്രൻ  ഓമനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുണ്ട കൊണ്ടതാണെന്നു സ്ഥിരീകരിച്ച ആശുപത്രി അധികൃതർ കാര്യം പൊലീസിനെ അറിയിക്കാൻ നിർദേശിച്ചു.

പരാതിയെ തുടർന്നു മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി. മൂക്കുന്നിമലയിലെ ആർമി ഫയറിങ് സ്റ്റേഷനിൽനിന്നാണു ബുള്ളറ്റ് വന്നതെന്നു മനസ്സിലായതിനാൽ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. മുൻപും  ബുള്ളറ്റ് കിട്ടിയിട്ടുണ്ടെന്നു വീട്ടുകാരും ചില നാട്ടുകാരും പറഞ്ഞു. മനോരമയി‍ൽ വാർത്തയുമായി. ആർമി ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും അന്വേഷണവുമായി സഹകരിച്ചു. 

കരസേനയിലെ പല ഉയർന്ന ഉദ്യോഗസ്ഥരും എത്തി വീട്ടുകാരെ കണ്ടു. പക്ഷേ നടപടിയുണ്ടായില്ല.കേസുമായി മുന്നോട്ടു പോകുന്നതിൽ പൊലീസ് കാലതാമസം വരുത്തി. ഓമന ചികിൽസയിലായതിനാൽ വീട്ടുകാരും അതിനു പിന്നാലെ പോയില്ല. സംഭവം നടന്നു രണ്ടുമാസം കഴിഞ്ഞു ചില സേനാ ഉദ്യോഗസ്ഥർ വീണ്ടും എത്തി. കോടതിയിൽ കൊടുക്കാനെന്നു പറഞ്ഞു ചില പേപ്പറുകളിൽ ഓമനയെക്കൊണ്ട് ഒപ്പിടുവിച്ചശേഷം അവർ മടങ്ങി. അതിനുശേഷം ആ കേസ് പുറംലോകം കണ്ടില്ല.

ഈ കേസിനെപ്പറ്റി അറിയില്ലെന്നാണ് ഇപ്പോൾ മലയിൻകീഴ് പൊലീസ് പറയുന്നത്. 2015 മേയ് ഒൻപതിനു വിളവൂർക്കൽ സിന്ധുഭവനിൽ രാമസ്വാമിയുടെ വീട്ടിൽ വെടിയുണ്ട തുളച്ചു കയറിയ കേസിലും ഒരു തീരുമാനവും ഉണ്ടായില്ല.