16 കിലോ പ്ലാസ്റ്റിക്ക് മാലിന്യം വയറ്റിൽ; ഭീമൻ തിമിംഗലം ചത്തുപൊങ്ങി

വരാനിരിക്കുന്ന വൻവിപത്തിന്റെ സൂചനകൾ സമ്മാനിച്ച് ഭീമൻ തിമിംഗലത്തിന്റെ ശവശരീരം കരയ്ക്കടിഞ്ഞു.  ഇന്തോനേഷ്യയിലെ വക്കാതോബി ദേശീയ പാര്‍ക്കിന്‍റെ ഭാഗമായ കപോട്ടാ ദ്വീപിനോടു ചേര്‍ന്നുള്ള പ്രദേശത്താണ് അഴുകി തുടങ്ങിയ നിലയിൽ തിമിംഗലത്തെ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഭീമന്‍ തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്നും ആറു കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി. 9.5 മീറ്റര്‍ നീളമായിരുന്നു തിമിംഗലത്തിന്. 

ക്രമാധീതമായി കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം കടൽ‌ ജീവികളുടെ ആവാസ്ഥ വ്യവസ്ഥയും നശിക്കുകയാണ്. തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് 115 പ്ലാസ്റ്റിക് കപ്പ്, നാല് പ്ലാസ്റ്റിക് കുപ്പികള്‍, രണ്ട് ചെരുപ്പുകള്‍, 25 പ്ലാസ്റ്റിക് ബാഗുകള്‍, 1000 പ്ലാസ്റ്റിക് വള്ളികള്‍ എന്നിവയാണ് കണ്ടെത്തിയത്.

ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം, തായ്ലന്‍റ് എന്നീ രാജ്യങ്ങളില്‍ ഇത്തരം പ്രശ്നങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 ശതമാനത്തോളം പ്ലാസ്റ്റിക്കാണ് ഇവിടെ കടലില്‍ നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകള്‍ മാത്രം ഓരോ വര്‍ഷവും നൂറുകണക്കിന് കടല്‍ ജീവികളെ കൊല്ലുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.