ചില്ലറ പൈസയുമായി ഐ ഫോൺ വാങ്ങാൻ ചെന്നു; ചില്ലറയല്ല ഇൗ പണി; വിഡിയോ

ഒരു ചിരിയോടെ അല്ലാതെ ഇൗ ചെറുപ്പക്കാർ കൊടുത്ത പണി കണ്ടിരിക്കാൻ ആവില്ലെന്നാണ് സോഷ്യൽ ലോകത്തിന്റെ അടക്കം പറച്ചിൽ. ഐഫോണ്‍ എക്‌സ്എസ് റെഡിക്യാഷ് കൊടുത്ത് വാങ്ങാൻ പോയ ഒരുസംഘം യുവാക്കളുടെ കഥയാണ് സോഷ്യൽ ലോകത്ത് വൈറൽ.  റഷ്യയിലെ സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗറാണ് ഈ േവറിട്ട ആശയത്തിന് പിന്നില്‍. 1,08000 രൂപയോളം വില വരുന്ന ഫോണിനായി ഇവർ കണ്ടെത്തിയ തുകയെല്ലാം ചില്ലറകളാക്കിയാണ് കൊണ്ടുപോയത്. 

ഇൗ ചില്ലറ പൈസകളെല്ലാം ബാത്ത്ടബ്ബിലാക്കിയാണ് ഇവർ കടയിലേക്ക് പോയത്. ഇതിന് 350 കിലോ ഭാരം ഉണ്ടായിരുന്നു. ഇതുമായി ഈ അഞ്ച് അംഗ സംഘം സെന്‍ട്രല്‍ മോസ്‌കോയിലെ ഒരു മാളിലുള്ള ആപ്പിള്‍ സ്റ്റോറിലേക്ക് പോയത്. ചെറുപ്പക്കാരുടെ ഇൗ വരവ് ആദ്യം സെക്യൂരിറ്റി തടഞ്ഞു. പക്ഷേ അധികം നേരം അവരെ തടഞ്ഞുവയ്ക്കാൻ അയാൾക്കും ആയില്ല. ഒടുവിൽ ചില്ലറ പണിയുമായി അവർ കടയിൽ കടന്നു.

പണം എണ്ണിത്തീർക്കാൻ കടയിലെ ജീവനക്കാർ ഒരുപാട് കഷ്ടപ്പെട്ടു. രണ്ട് തവണയാണ് ബാത്ത്ടബ്ബില്‍ ഉണ്ടായിരുന്ന ചില്ലറ എണ്ണിയത്. അതിനുവേണ്ടി മാത്രം ആപ്പിള്‍ സ്റ്റോറുകാര്‍ പുറത്തു നിന്നും ആളെ വരെ കൊണ്ടുവന്നു. ഒടുവിൽ സ്ലാറ്റ്സ്ലാവ് കോവലംങ്കോവിന് 256 ജിബി മോഡല്‍ ഐഫോണ്‍ എക്‌സ്എസ് സ്വന്തമായി. കിട്ടിയ പണി കണ്ട് തലയിൽ കൈവച്ചുപോയി ജീവനക്കാരും.