അകിയാ കോമാച്ചിയുടെ ഒറ്റ ക്ലിക്ക്; പകർത്തുന്നത് ആയുസിന്റെ ജീവനുള്ള ചിത്രങ്ങൾ

ഇനി ഒരു ആറാംക്ലാസുകാരിയെ പരിചയപ്പെടാം. പേര് അകിയാ കോമാച്ചി. കോഴിക്കോട് ഫറോഖ്  വെനര്‍നി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി. സാധാരണയായി  കുട്ടികള്‍ കടന്നുചെല്ലാത്ത  മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചാണ് ഈ പന്ത്രണ്ടുകാരി വ്യത്യസ്തയാകുന്നത്. 

ഒാരോ കാഴ്ചകളും അകിയയ്ക്ക് ഒാരോ ചുവടുവയ്പ്പുകളാണ്. നാടറിയുന്ന മികച്ച  ഫൊട്ടോഗ്രഫറിലേക്കുള്ള യാത്ര. ചെറിയ പ്രായംകൊണ്ട് അകിയ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് ഒരു ആയുസിന്റെ ജീവനുണ്ട്. ഇതിനോടകം ആയിരത്തിലേറെ ചിത്രങ്ങളെടുത്തു. പ്രകൃതിയാണ്  ഇഷ്ടവിഷയം. 

പ്രകൃതിയുടെ ഒാരോ ഭാവങ്ങളും അകിയയുടെ ചിത്രങ്ങളിലൂടെ കാണുമ്പോള്‍ അതിന് സൗന്ദര്യമേറുകയാണ്. വീട്ടുമുറ്റത്തെ മരങ്ങളിലെത്തുന്ന പക്ഷികളായിരുന്നു ഈ കൊച്ചു ഫൊട്ടോഗ്രഫറെ ആദ്യം വിസ്മയിപ്പിച്ചത്. പിന്നീട് അവയുടെ ചലനങ്ങള്‍ അകിയയുടെ ക്യാന്‍വാസില്‍ മികച്ച ഫ്രെയിമുകളായി മാറി. 

ഫൊട്ടോയെടുപ്പിന്റെ തിരക്കിനിടയിലും പഠനകാര്യങ്ങളില്‍ പിന്നോട്ടുപോകാറില്ല. സ്കൂളിലെ മിടുക്കിയായ വിദ്യാര്‍ഥിനികൂടിയാണ് അകിയ. ഫൊട്ടോഗ്രഫറായ പിതാവിന്റെയും സഹോദരങ്ങളുടെയും ശിക്ഷണമാണ്  മുതല്‍കൂട്ട്. അകിയ  പകര്‍ത്തിയ അന്‍പത്തിയഞ്ച് ചിത്രങ്ങള്‍ ചേര്‍ത്തുവച്ചൊരു ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു.  ചിത്രങ്ങളിലൂടെ മികച്ച ജീവിതസന്ദേശം കാഴ്ചക്കാരനിലേക്ക് പകരാനായി ഈ പതിനൊന്നുവയസുകാരി യാത്ര തുടരുകയാണ്.