ലോൺ 'തിരിച്ചുപിടിച്ചു'; കൊച്ചാപ്പാന്റെ കൊച്ചുമോൻ പടിയിറങ്ങി; ജലീലിനെ ട്രോളി ഷാഫി

ബന്ധുനിയമനവിവാദത്തിൽ മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ് രാജിവെച്ചതിനെ ട്രോളി ഷാഫി പറമ്പിൽ എംഎൽഎ. ലീഗ് നേതാക്കൾ എടുത്ത ലോൺ തിരിച്ചുപിടിച്ച് കൊച്ചാപ്പാന്റെ കൊച്ചുമോൻ പടിയിറങ്ങി എന്ന കുറിപ്പോടെ ഫെയ്സ്ബുക്കിലാണ് പരിഹാസം. കുറിപ്പിനൊപ്പം ഒരു ചിത്രവും ഷാഫി പറമ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനത്തേക്കുള്ള ജലീലിന്റെ പിതൃസഹോദര പുത്രനായ കെ ടി അദീബിനെ നിയമിച്ചത് വൻ വിവാദമായിരുന്നു. വായ്പകൾ തിരിച്ചുപിടിക്കാനാണ് ജനറൽ മാനേജറെ നിയമിച്ചതെന്നും വായ്പകൾ തിരിച്ചടക്കാത്തത് ഭൂരിഭാഗവും മുസ്‌ലിം ലീഗുകാരാണെന്നും വിവാദങ്ങള്‍‌ക്കുള്ള മറുപടിയായി ജലീൽ പറഞ്ഞിരുന്നു.  

രാജി സ്വീകരിച്ചു; വീണ്ടും കുരുക്ക്

കെ.ടി അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ അംഗീകരിച്ചു. തുടര്‍ നടപടികള്‍ക്കായി അദീബിന്റെ രാജിക്കത്ത് സര്‍ക്കാരിന് കൈമാറാനും കോര്‍പറേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ് കോഴിക്കോട്ട് പറഞ്ഞു.

അതേസമയം, ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ പുതിയ വാദങ്ങളെ തള്ളി വീണ്ടും യൂത്ത് ലീഗ്. ന്യൂനപക്ഷധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനം മന്ത്രിബന്ധു രാജിവെച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. വിവാദം നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

കെ.ടി.അദീബിന്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോഡിയാണെന്ന ജലീലിന്റെ വാദം 2003ലെ സുപ്രീംകോടതി വിധിക്കെതിരാണെന്ന് പി.കെ.ഫിറോസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  നിയമനശുപാര്‍ശ സര്‍ക്കാരിലേക്ക് പോയശേഷമാണ് അദീബ് മാതൃസ്ഥാപനത്തിന്റെ എന്‍.ഒ.സി  ഹാജരാക്കിയത്.

ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള മറ്റ് അപേക്ഷകര്‍ക്ക് കോര്‍പറേഷനില്‍ മന്ത്രി സാന്ത്വന നിയമനം നല്‍കി. അദീബിന്റെ നിയമനത്തെ ന്യായീകരിച്ച വ്യക്തിയെ ഡപ്യൂട്ടി ജനറല്‍ മാനേജരാക്കി. ആത്മാഭിമാനമുണ്ടെങ്കില്‍ കെ.ടി.ജലീല്‍ രാജിവെക്കണമെന്നും പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.