അഭിമന്യുവിന്റെ സഹോദരിക്ക് അർജുന്റെ സ്വർണമോതിരം; ഹൃദയംതൊട്ട നിമിഷം

മഹാരാജാസ് കോളജിൽ വച്ച് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്നലെ വട്ടവട ഗ്രാമം ാഘോഷമാക്കി നടത്തിയിരുന്നു. അഭിമന്യുവിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു സഹോദരിയുടെ വിവാഹം. അഭിമന്യുവിനൊപ്പം വെട്ടേറ്റ അർജുനും ഇന്നലെ വിവാഹ വേദിയിലെത്തി. അഭിമന്യുവിന് പകരമല്ല, കൗസല്യയെ സ്വന്തം സഹോദരിയായി കണ്ടാണ് വിവാഹത്തിനെത്തിയതെന്ന് അർജുൻ പറഞ്ഞു. അഭിമന്യുവിന്റെ സഹോദരിക്ക് അർജുൻ സ്വർണമോതിരം കൈമാറി. 

അഭിമന്യുവിന് പകരമായല്ല ഇത് ചെയ്യുന്നതെന്നും കൗസല്യ തന്റെ കൂടി സഹോദരിയാണെന്നും എന്നും അവരുടെ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും അർജുൻ അറിയിച്ചു. അഭിമന്യുവിന്റെ ഉറ്റ കൂട്ടുകാരനായിരുന്നു അര്‍ജുന്‍. അഭിമന്യുവിനൊപ്പം എസ്ഡിപിഐ- ക്യാംപസ് ഫ്രണ്ട് തീവ്രവാദികളുടെ ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ അര്‍ജുന്‍ ഒരു മാസത്തോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ആശുപത്രി വിട്ടെങ്കിലും അര്‍ജുന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. ഇപ്പോഴും ചില ശാരീരിക പ്രശ്‌നങ്ങളുണ്ട്. വിവാഹത്തിന് തലേദിവസം തന്നെ മഹാരാജാസിലെ എഴുപതോളം വിദ്യാർത്ഥികൾ വട്ടവടയിലെത്തിയിരുന്നു. അഭിമന്യുവിന്റെ മൃതദേഹം മറവു ചെയ്തിടത്ത് അൽപനേരം ചിലവഴിച്ച ശേഷമാണ് അവർ വട്ടവടയിലെ വീട്ടിലെത്തിയത്. സഹോദരിയ്ക്ക് വേണ്ടി അഭിമന്യു ചെയ്യുമായിരുന്ന എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുത്തു അവർ.