മുള്ളൻപന്നിയ്ക്ക് പിന്നാലെ പോയ നായയ്ക്ക് സംഭവിച്ചത്

മുള്ളൻപന്നിയുടെ പിന്നാലെ പോയ നായയ്ക്ക് നേരിടേണ്ടി വന്നത് ദാരുണമായ അവസ്ഥ. ന്യൂയോർക്കിലെ ലോലിപോപ് മൃഗസംരംക്ഷണ കേന്ദ്രത്തിലെ വളർത്തുനായയാണ് റെക്സ്. സെന്റ്ബെർണാഡ് ഇനത്തിൽപ്പെട്ട നായയുടെ പ്രിയപ്പെട്ട വിനോദമാണ് മുള്ളൻപന്നിക്ക് പിന്നാലെ പായുന്നത്. കഴിഞ്ഞദിവസവും റെക്സ് പതിവ് തെറ്റിച്ചില്ല. എന്നാൽ തിരികെ വന്നത് പോയതുപോലെ അല്ലായിരുന്നു. നായ ഉപ്രദവിക്കാനായി എത്തിയതാണെന്ന് കരുതി മുള്ളൻപന്നി മുള്ളുകൾ കുടഞ്ഞു. മുഖത്തും മൂക്കിലും വായിലും നിറയെ തറച്ചുകയറിയ മുള്ളുകളുമായാണ് റക്സ് തിരികെയെത്തിയത്.

വേദന കൊണ്ട് പുളഞ്ഞ  റക്സിനെ കണ്ട സംരക്ഷണ കേന്ദ്രത്തിലെ മൃഗഡോക്ടർമാരും  ആദ്യമൊന്ന് ഞെട്ടി. നൂറുകണക്കിന് മുള്ളുകളാണ് റക്സിന്റെ മുഖമാകെ തറഞ്ഞു കയറിയിരുന്നത്. വളരെ പണിപ്പെട്ടാണ് ഇവിടുത്തെ ഡോക്ടർമാർ റക്സിന്റെ ശരീരത്തിൽ തറച്ച മുള്ളുകൾ ഓരോന്നായി ഊരിമാറ്റിയത്. ഒരു മുള്ളൻ പന്നിയുടെ ശരീരത്തിൽ 30,000 അധികം മുള്ളുകളുണ്ടാകും. ശത്രുക്കളെ തുരത്താനാണ് ഇവ മുള്ളുകൾ ഉപയോഗിക്കുന്നത്.