അര്‍ബുദം ബാധിച്ചശേഷമുള്ള ആദ്യ ദീപാവലി; ഭർത്താവും മകനുമെത്തി; ആഘോഷിച്ച് സൊനാലി

അർബുദചികിത്സക്കിടെയെത്തിയ ദീപാവലിയിൽ നടി സൊനാലി ബെന്ദ്രക്കൊപ്പം ചേർന്ന് ഭർത്താവും മകനും. ന്യൂയോർക്കിൽ ചികിത്സയിൽ കഴിയുന്ന സൊനാലി ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. 

ചിത്രങ്ങള്‍ക്കൊപ്പം സൊനാലി കുറിച്ചതിങ്ങനെ:

''ആചാരങ്ങളൊന്നും പാലിക്കാതെ വളരെ ലളിതമായൊരു ദീപാവലി ആഘോഷം. ഇന്ത്യൻ വസ്ത്രങ്ങളില്ലായിരുന്നു. ഹൃദയം നിറഞ്ഞ് ചെറിയൊരു പൂജ ചെയ്തു.''

ഗണപതിയുടെയും ലക്ഷ്മീദേവിയുടെ വിഗ്രഹങ്ങൾ ചിത്രങ്ങളിൽ കാണാം. പ്രസാദമായി ഗുലാബ് ജാമുനും ഡ്രൈ ഫ്രൂട്ട്സും. 

ജുലൈയിലെ രോഗനിർണയത്തിന് ശേഷം ന്യൂയോർക്കിൽ ചികിത്സയിലാണ് സൊനാലി. കീമോതെറാപ്പിയുടെ ഭാഗമായി സൊനാലി മുടി മുറിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചോദനം നിറച്ച് പോസ്റ്റുകളും അനുഭവക്കുറിപ്പുകളും സൊനാലി പങ്കുവെച്ചിരുന്നു.  

രോഗത്തോട് പോരാടാൻ പുസ്തകങ്ങളും സൊനാലിക്ക് കൂട്ടായുണ്ട്. വായിക്കുന്ന പുസ്തകങ്ങളുടെ വിവരങ്ങളും സൊനാലി ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.