‘ഖല്‍ബില് തേനൊഴുകണ കോയിക്കോട്’ തെലുങ്കില്‍; ഗോപിസുന്ദറിനെ വിടാതെ ട്രോളര്‍മാര്‍, വിഡിയോ

കോപ്പിയടിയാണെന്ന് ഗോപീസുന്ദർ പാട്ടുകൾക്ക് പണ്ടേ ഉള്ള അപവാദമാണ്. പുതിയ തെലുങ്കു പാട്ടാണ് ഇപ്പോൾ ട്രോളര്‍മാര്‍ സംസാര വിഷയ‌മാക്കുന്നത്. തെലുങ്കു ചിത്രം ഷൈലജ റെഡ്ഡി അല്ലുഡുയുടെ സംഗീത സംവിധായകൻ ഗോപിസുന്ദറാണ്. നാഗ ചൈതന്യയും മലയാളിതാരം അനു ഇമ്മാനുവലും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ ജംജം ബൽബരി എന്ന ഗാനത്തിനാണ് ഇപ്പോൾ വിമർശനം.

മലയാളത്തിൽ ഏറെ ഹിറ്റായ ഖൽബില് തേനൊഴുകണ കോയിക്കോട് എന്ന ഗാനത്തിന്റെ സംഗീതമാണ് ജംജം ബൽബരി എന്ന ഗാനത്തിനും നൽകിയിരിക്കുന്നത്. ഇരു ഗാനങ്ങളുടെയും സംഗീത സംവിധായകൻ ഗോപി സുന്ദറാണെങ്കിലും ട്രോളൻമാർ വിടാൻ ഒരുക്കമില്ല. 'കോപ്പി സുന്ദർ മരണമാസ്സാണ്' എന്ന കുറിപ്പോടെയാണ് പുതിയ വിഡിയോ. ട്രോൾ കണ്ടതിനു ശേഷമാണു ഭൂരിഭാഗം മലയാളികളും തെലുങ്കിലെ ഈ ഗാനം ശ്രദ്ധിച്ചതെന്നാണു വാസ്തവം. ഗാനത്തിനു താഴെ സംഗീതത്തെ കളിയാക്കി കൊണ്ടുള്ള കമന്റുകളിൽ ഭൂരിഭാഗവും മലയാളത്തിലാണ്.

ഇത് ആദ്യമായൊന്നുമല്ല ഗോപിസുന്ദറിനു നേരെ ട്രോളൻമാരുടെ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ പള്ളിവാള് ഭദ്രവട്ടകം എന്ന നാടൻപാട്ടിനെ റീമിക്സ് ചെയ്തു തെലുങ്കു സിനിമയിൽ ഗോപി സുന്ദര്‍ ഉപയോഗിച്ചിരുന്നു. എന്നാൽ വിമർശനങ്ങളോ ട്രോളുകളോ അദ്ദേഹത്തെ ബാധിക്കാറില്ല. ഇത്തരം പരീക്ഷണങ്ങളെല്ലാം നടത്തണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഇതിനോടൊന്നും പ്രതികരിക്കാനും ഗോപി സുന്ദർ തയ്യാറല്ല.