വേദന അറിയാതെ ഒരു നിമിഷമെങ്കിലും അവൻ! കുഞ്ഞിന്റെ ജീവനായി യാചിച്ച് ഒരമ്മ

അഞ്ചുമിനിറ്റെങ്കിലും എന്റെ മോൻ വേദനയറിയാതിരുന്നെങ്കിൽ എന്ന്ഹൃദയം പൊട്ടി ആഗ്രഹിച്ചു പോകുകയാണ് ഒരമ്മ. വേദന സഹിക്കാനാകാതെയാണ് അവൻ കരയുന്നത്. വേദന പകുത്തു നൽകാൻ ദൈവത്തിനാകുമോ? എങ്കിൽ എന്റെ കുഞ്ഞിന്റെ വേദന ദൈവം എനിക്കു നൽകട്ടേ, അവൻ സുഖമായി ജീവിക്കട്ടേ....’ ജീവനെടുക്കുന്ന വേദന സഹിക്കുകയാണ് പാർത്ഥസാരഥിയെന്ന കുഞ്ഞിളം പൈതൽ.

പാർത്ഥസാരഥിയെന്ന കുഞ്ഞിളം പൈതലിന്റെ കരളലയിപ്പിക്കുന്ന കഥയൊന്നു കേൾക്കണം. ചങ്കുപൊട്ടുമാറ് ഉച്ചത്തിൽ നമുക്ക് പൊട്ടിക്കരയാൻ തോന്നും. വിധി ഇത്രയും ക്രൂരമാണോ എന്ന് അറിയാതെ പറഞ്ഞു പോകും. കാരണം പ്രായത്തിനു താങ്ങാവുന്നതിലും അപ്പുറമുള്ള വേദനയാണ് നാലുമാസം പ്രായമുള്ള ആ കുഞ്ഞിന് വിധി നൽകിയിരിക്കുന്നത്.

ആന്ധ്രയിലെ നെല്ലൂർ സ്വദേശിയായ മനോഹറിന്റെ ആദ്യത്തെ കണ്മണിയാണ് പാർത്ഥസാരഥി. നേർച്ച കാഴ്ചകൾക്കും വഴിപാടുകൾക്കുമൊടുവിൽ ദൈവം നൽകിയ വരദാനം. പിറന്നു വീണ് അധിക നാളായിട്ടുണ്ടാകില്ല. നിർത്താതെയുള്ള അവന്റെ കരച്ചിലിൽ നിന്നുമാണ് ആ നിർദ്ധന കുടുംബം ഇന്നീ അനുഭവിക്കുന്ന വേദനകളുടെ തുടക്കം. ആ പൈതലിന്റെ കരച്ചിലും ബുദ്ധിമുട്ടുകളും കണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ കുടുംബം ആശുപത്രിയിലേക്ക് ഓടി. പക്ഷേ, അവിടെ...ആ ആശുപത്രിയുടെ ഇടനാഴി അവർക്കായി കാത്തുവച്ചിരുന്നത് ഒരു ദുരന്തവാർത്തയായിരുന്നു. ഒരു പക്ഷേ ലോകത്ത് ഒരമ്മയും കേൾക്കാൻ ആഗ്രഹിക്കാത്ത അത്രയും വലിയ ദുരന്ത വാർത്ത...

‘പറയുന്നതിൽ വിഷമം തോന്നരുത്, ഓരോ അണുനിമിഷത്തിലും നിങ്ങളുടെ കുഞ്ഞ് മരിച്ചു കൊണ്ടേയിരിക്കുകയാണ്. എത്രയും പെട്ടെന്ന് ചികിത്സ വേണം. അതിന് ഭീമമായ തുക ചെലവാകും. അതിനിയും നീണ്ട് പോയാൽ....’– മുഴുമിക്കാത്ത ഡോക്ടറുടെ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു.

ഹീമോഫഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (Hemophagocytic lymphohistiocytosis) ഡോക്ടർമാർ ആ കുരുന്നിനെ പിടികൂടിയ രോഗത്തിന് നൽകിയ ഓമനപ്പേരിങ്ങനെയായിരുന്നു. സാധാരണയായി ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിൽ കാണപ്പെടുന്നൊരു അസുഖം. ശരീരം അമിതമായും അനാവശ്യമായും  പ്രതിരോധ കോശങ്ങളെ ഉത്പാദിപ്പിക്കുന്നതാണ് ഈ രോഗാവസ്ഥ.

ഈ രോഗം നൽകുന്ന വേദനയുടെ ആഴം എത്രത്തോളമെന്ന് നിർണയിക്കുക പ്രയാസം. ക്രമേണ ശ്വാസോച്ഛാസത്തെ ബാധിക്കും, ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റും, കിഡ്നിയുടെ പ്രവർത്തനങ്ങൾ മന്ദീഭവിക്കും, രക്തചംക്രമണത്തിന്റെ വേഗം കുറയും. എന്തിനേറെ പറയുന്നു, ആ കുഞ്ഞ് ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള വേദനയാണ് ആ വലിയ രോഗം സമ്മാനിക്കുന്നത്.

മകന്റെ ജീവനായി കൈ കൂപ്പി യാചിച്ച ആ നിർദ്ധന കുടുംബത്തിന് മുന്നിലേക്ക് ഡോക്ടർമാർ ഇന്ന് തുറന്നിട്ടിരിക്കുന്നത് രണ്ട് വഴികൾ. ഒന്ന് അടിയന്തരമായി മജ്ജമാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തുക രണ്ടാമതായി കുഞ്ഞു പാർത്ഥസാരഥിയെ കീമോ തെറാപ്പിക്ക് വിധേയനാക്കുക. ഇതും രണ്ടും ചെയ്തു നോക്കുക, ബാക്കിയെല്ലാം ദൈവത്തിന്റെ കൈയ്യിൽ.

ഒന്നും രണ്ടുമല്ല പതിനേഴ് ലക്ഷം രൂപയാണ് ചികിത്സാ ചെലവിന്റെ രൂപത്തിൽ പാർത്ഥസാരഥിയുടെ ജീവന് ഡോക്ടർമാർ വിലയിട്ടിരിക്കുന്നത്. അതു ചെയ്യാത്ത പക്ഷം ആ കുഞ്ഞിന്റെ ജീവന് തന്നെ ആപത്താണെന്ന് ഡോക്ടർമാരുടെ അന്തിമവാക്കുകൾ. ഒരു ഓയിൽ ഫാക്ടറിയിലെ സാധാരണ ജീവനക്കാരനായ തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ സംഖ്യയെന്ന് മനോഹർ പറയുന്നു. ‘ഒരു വശത്ത് എന്റെ പൈതലിന്റെ ജീവൻ...മറുവശത്ത് 17 ലക്ഷമെന്ന ഭീമമായ സംഖ്യ. ഞാൻ തീർത്തും നിസഹായനാണ്.’ മനോഹർ പറയുന്നു.

അത്ഭുതങ്ങളിൽ ആ നിർദ്ധന കുടുംബം പ്രതീക്ഷ വയ്ക്കുന്നില്ല. എന്നാൽ സുമനസുകളുടെ പ്രാർത്ഥനയും സഹായവും തങ്ങളുടെ പാർത്ഥസാരഥിയെ തിരികെ തരുമെന്ന് അവർ വിശ്വസിക്കുന്നു. ആ വിശ്വാസവുമായി, ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അവർ വഴിക്കണ്ണുകളുമായി കാത്തിരിക്കുകയാണ്. അവസാനമായി മനോഹർ ഒന്നു മാത്രം പറഞ്ഞു വയ്ക്കുന്നു....അത്രവേഗമൊന്നും ദൈവത്തിന് ഞങ്ങളെ കൈവിടാനാകില്ല, എന്റെ ൈപതലിനെ ദൈവം എനിക്ക് തിരികെ തരും...– മനോഹർ മിഴിതുടച്ചു.

ആശുപത്രി ഫോൺനമ്പർ ചെന്നൈ

24768027

കൂടുതൽ വിരങ്ങൾ അറിയാം