ലക്ഷ്മി സംസാരിച്ചുതുടങ്ങി; ഐസിയുവിൽ നിന്ന് മാറ്റി; മുറിവുണങ്ങാൻ സമയമെടുക്കും

വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാൻ തുടങ്ങി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ലക്ഷ്മിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. പരുക്കുകൾ പൂർണമായി ഭേദമാകാനും മുറിവുണങ്ങാനും സമയമെടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ലക്ഷ്മിയെ കാണാൻ നിരവധി പേർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തുന്നുണ്ട്. എന്നാൽ, സന്ദർശനം ചിക്ത്സയ്ക്കു ബുദ്ധമുട്ടുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആരെയും കാണാൻ അനുവദിക്കില്ല. ലക്ഷ്മിക്ക് ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ അനുവദിക്കുമെന്നും അധികൃതർ പറഞ്ഞു. 

ആരോഗ്യനില പൂർണമായി വീണ്ടെടുത്താൽ ലക്ഷ്മിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. ലക്ഷ്മിയുടെ ആരോഗ്യനിലയെപ്പറ്റി തിരക്കി നിരവധി ഫോണ്‍കോളുകൾ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. 

കഴിഞ്ഞ മാസമാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണു മരണത്തിനു കീഴടങ്ങിയത്. പരുക്കേറ്റ ലക്ഷ്മി ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. മകളും ഭർത്താവും മരിച്ച വിവരം പിന്നീടാണ് ലക്ഷ്മിയെ അറിയിച്ചത്.