ഭൂതത്താൻകെട്ടിൽ ഫോർ വീലർ മഡ് റേസ്; ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം

ഭൂതത്താൻകെട്ടിൽ ഫോർ വീലർ മഡ് റേസ് സംഘടിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം. കോതമംഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടീം റാലി സ്പോട്ടാണ് മല്‍സരത്തിന് നേതൃത്വം നൽകിയത്. 

മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഓഫ് റോഡ് ഡ്രൈവേഴ്സ് ആണ് ഭൂതത്താൻകെട്ടിൽ മഡ് റേസ് സംഘടിപ്പിച്ചത്. പെട്രോൾ, ഡീസൽ, ടuv , ലേഡീസ് എന്നീ നാല് വിഭാഗങ്ങളിലായി 40 - ഓളം വാഹനങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു. വളരെ സാഹസികത നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ആവേശകരമായിരുന്നുവെന്ന്  മല്‍സരാര്‍ഥികള്‍. 

കോട്ടയം സ്വദേശി സൂരജ് തോമസ് ഒന്നാം സ്ഥാനവും പാല സ്വദേശി ജോസ് ചീരാൻകുഴി രണ്ടാം സ്ഥാനവും നേടി. മത്സരത്തിൽ നിന്ന് ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനാണ് സംഘാടകരുടെ തീരുമാനം. 

ആന്റണി ജോൺ എംഎൽഎ, വിവിധ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് മത്സരത്തിന് ആവേശംപകരാനെത്തിയത്.