ഡബ്സ് മാഷുകാർ ഒത്ത് ചേർന്നു; ലക്ഷ്യം സാമൂഹിക നൻമ

സമൂഹ മാധ്യമങ്ങളിൽ ടിക് ടോക്  ,ഡബ്‌സ്മാഷ് വീഡിയോകൾ അവതരിപ്പിക്കുന്ന യുവാക്കൾ  കൊച്ചി മറൈൻ ഡ്രൈവിൽ ഒത്തു ചേർന്നു. സമൂഹ നന്മ  എന്ന ആശയത്തിൽ  നടന്ന ഒത്തു ചേരലിൽ ഡബ്സ് മാഷുകൾ അവതരിപ്പിച്ച് നൂറിലധികം പേർ പങ്കെടുത്തു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുടിയന്മാരും ഫ്രീക്കന്മാരും ചേർന്ന് പാട്ടും ഡാൻസും അവതരിപ്പിച്ചു മറൈൻ ഡ്രൈവിനെ സജീവമാക്കി. സമൂഹ മാധ്യമങ്ങളിൽ ടിക് ടോക്, ഡബ്‌സ്‌ മാഷ് വീഡിയോകൾ അവതരിപ്പിച്ച് ശ്രദ്ധേയരായ  യുവാക്കളാണ്  ഒത്തു ചേർലിനു മുൻകൈയെടുത്തത്. സമൂഹത്തെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഈ കൂട്ടായ്മയിലേക്ക്  നയിച്ചതെന്ന് പരിപാടിയുടെ സംഘാടകർ വ്യക്തമാക്കി.

അവരവരുടെ  കഴിവുകൾക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യവും പരിപാടിക്ക് പിന്നിലുണ്ടെന്നും ഇവർ പറയുന്നു. കൂടുതൽ പേരെ ഉൾപ്പെടുത്തി വിപുലമായ ഒത്തുചേരലിനു ഒരുങ്ങുകയാണ് കലാകാരന്മാരുടെ ഫ്രീക് കൂട്ടായ്മ.