'എനിക്കറിയാവുന്ന ലക്ഷ്മിച്ചേച്ചി ഇങ്ങനെയാണ്'; കണ്ണുനിറച്ച് വീണ്ടും ഇഷാന്‍റെ കുറിപ്പ്

ബാലഭാസ്കറിൻറെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് സുഹൃത്തും ഗായകനും സംഗീതസംവിധായകനുമായ ഇഷാൻ ദേവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. ഒരുപാട് ആകുലതകളും,വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചിയെന്ന വേദനയും ഇഷാൻ പങ്കുവെയ്ക്കുന്നു. ഒപ്പം പ്രാർത്ഥനകളുണ്ടാകണമെന്ന അപേക്ഷയോടെ ബാലുവില്ലാത്തി തിരുവന്തപുരത്തോട് വിടപറയുന്നുവെന്നും കൂട്ടിച്ചേർത്തു പ്രിയസുഹൃത്ത്. 

കുറിപ്പിന്‍റെ പൂർണരൂപം:

ലക്ഷ്മി ചേച്ചിയുടെ ആരോഗ്യസ്ഥിതി എങ്ങനാ എന്നു ഒരുപാടു സുമനസുകൾ ചോദിക്കുന്നുണ്ട്,ചേച്ചിയുടെ മുറിവുകളും ,ഒടിവുകളും എല്ലാം ഭേദമായി വരുന്നു .എല്ലാവർക്കും അറിയാവുന്നത് പോലെ ശസ്ത്രക്രിയകളും,മരുന്നുകളുമായി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എത്ര ഭേദമാകുമോ അത്രയും, ഒരുപാട് ചികിത്സയും,വിശ്രമവും ആവശ്യമാണ് .

ഒരുപാട് ആകുലതകളും വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചി. ഇന്നലെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവർത്തിച്ചു പറഞ്ഞു. മനശക്തി ആർജിക്കാൻ ഈ അവസ്ഥയിലെ ഒരു ഭാര്യക്ക്, അമ്മക്ക് എങ്ങനെ കഴിയും എന്ന ചോദ്യം മാത്രം ഉള്ളിൽ വച്ച് "അളിയാ എന്തുവാടേ"എന്ന ആ വിളി കാത്തിരിക്കുന്ന ഷാനിൽ ഒരു അർദ്ധവിരാമം കുറിച്ച് ,ബാലു അണ്ണൻ ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലുന്നു.പ്രാർത്ഥനകൾ ഉണ്ടായിരിക്കണം ആ അമ്മക്കൊപ്പം .....''