ബ്രൂവറി പ്ലസ് പ്രളയം; പിണറായിയെ ട്രോളിക്കൊന്ന് ബൽറാം; എംബി രാജേഷിന് കൊട്ട്; വിഡിയോ

ബ്രൂവറി, ഡിസ്റ്റലറി അനുമതികൾ റദ്ദാക്കിയ പിണറായി വിജയൻ സർക്കാരിനെ ട്രോളി വിടി ബല്‍റാം എംഎൽഎ. തീരുമാനത്തെ സ്വാഗതം ചെയ്തുള്ള പോസ്റ്റിന് പിന്നാലെയാണ് ബൽറാം ട്രോൾ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

റോഡിൽ നിർത്തി ബൈക്ക് നന്നാക്കുന്ന യാത്രക്കാരന്റെ പോക്കറ്റിൽ നിന്ന് പഴ്സ് അടിച്ചുമാറ്റുന്നയാൾ. കാമറയുണ്ടെന്നും പിടിക്കപ്പെടുമെന്നും മനസ്സിലായതോടെ പഴ്സ് റോഡിലേക്കിട്ട് യാത്രക്കാരനെ വിളിച്ച് കാണിച്ചുകൊടുക്കുന്നു. യാത്രക്കാരൻ പഴ്സ് താഴെ വീണതാകാമെന്ന് കരുതി തിരികെ പോക്കറ്റിലിടുന്നു. വിഡിയോയുടെ ക്യാപ്ഷനിൽ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ വാചകവും ബൽറാം കടമെടുത്തിട്ടുണ്ട്.

''അത് പിന്നെ...പ്രളയത്തിന് ശേഷം കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യത്തിൽ ഇങ്ങനെ പേഴ്സ് ശ്രദ്ധയില്ലാതെ റോഡിൽ ഇടാൻ പാടുമോ സഹോദരാ?

നാളെ മക്കള് ചോദിച്ചാൽ എന്ത് പറയും?

പ്രളയത്തിൽ തകർന്ന കേരളം പുനസ‍ൃഷ്ടിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യമെന്നും അനാവശ്യവിവാദങ്ങളിൽ മുങ്ങിപ്പോകാതിരിക്കാനാണ് അനുമതി റദ്ദാക്കിയതെന്ന പിണറായി വിജയന്റെ ന്യായത്തിനാണ് കൊട്ട്. 

സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാരോട് മക്കൾ ചോദിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

തീരുമാനത്തെ സ്വാഗതം ചെയ്തുള്ള ബല്‍റാമിന്റെ പോസ്റ്റ് ഇങ്ങനെ;

വൻ അഴിമതിക്കുള്ള നീക്കം കയ്യോടെ പിടിക്കപ്പെട്ടതിനാൽ ബ്രൂവറി, ഡിസ്റ്റിലറി അനുമതികൾ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയൻ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ വിജയം കൂടിയാണ് ഇത്. തെളിവുകളുടെ പിൻബലത്തിൽ പ്രതിപക്ഷം മുന്നോട്ടുവച്ച വാദമുഖങ്ങൾ ജനങ്ങൾ കൂടി ഏറ്റെടുത്തു എന്നതിനാലാണ് സർക്കാരിന് പുറകോട്ടു പോകേണ്ടി വന്നത്. ഈ വിഷയം ഉയർത്തി ശക്തമായ സമരം നയിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. തന്റെ മണ്ഡലത്തിലെ വിനാശകരമായ പദ്ധതിക്കെതിരെ ശക്തമായ നിലപാടെടുത്ത ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനേയും അഭിനന്ദിക്കുന്നു. പിണറായി വിജയൻ എന്ന സർവ്വാധിപതിയെ ഭയന്ന് ഇത്ര ജനദ്രോഹകരമായ പദ്ധതിക്കെതിരെപ്പോലും ഒരക്ഷരം മിണ്ടാൻ കഴിയാതെപോയ പാലക്കാട് എംപിയും വിപ്ലവ യുവജനപ്രസ്ഥാനത്തിന്റെ നേതാവുമായ എംബി രാജേഷിനെപ്പോലുള്ളവരുടെ യഥാർത്ഥ ആർജ്ജവമെന്തെന്ന് കേരളത്തിന് തിരിച്ചറിയാനും ഇതൊരു അവസരമായി.

ഗത്യന്തരമില്ലാതെ റദ്ദാക്കി

ഗത്യന്തരമില്ലാതെയാണ് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത്. 1999 ലെ ഉത്തരവ് അന്നത്തെ അനുമതിക്കു മാത്രമെന്ന് ന്യായീകരിച്ച സര്‍ക്കാര്‍ തെളിവുകള്‍ ഓരോന്നായി മുന്നിലെത്തിയതോടെ നിലപാടുമാറ്റാന്‍ നിര്‍ബന്ധിതമായി. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നതിന്റെ തെളിവുകള്‍ ഒന്നിനു പുറകേ ഒന്നായി മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. 

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം അനാവശ്യ വിവാദങ്ങളില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള വിട്ടുവിഴ്ച എന്ന നിലയിലാണ് തീരുമാനമെന്നായിരുന്നു  മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം.  എന്നാല്‍ ഇനിയും അപേക്ഷ സ്വീകരിച്ച്, അര്‍ഹരായവര്‍ക്ക് മദ്യനിര്‍മ്മാണശാലകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.