‘ഉളുപ്പുണ്ടോ കമ്മികളേ നിങ്ങൾക്ക്..?’ മല്യയെ പറഞ്ഞയച്ചത് ഐസക്കോ; ട്രോൾ വിഡിയോ: കയ്യടി

മോദിജിയും മൻമോഹന്‍ ജിയും തമ്മിലുളള വ്യത്യാസം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ താരമായ ഷിബുലാൽജി വീണ്ടും. ‘സംഘപുത്രൻ ‘പ്രഹാർ ഷിബുലാൽജിയുടെ വിഡിയോ വൈറൽ ആകുന്നു...!’ എന്ന തലക്കെട്ടോടെ സഞ്ജീവിനി ഉൾപ്പെടെയുളള ട്രോൾ പേജുകൾ ആഘോഷമാക്കിയ ഷിബുലാൽജി ആഘോഷപൂര്‍വം തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. ഈ തവണയെയും കേന്ദ്രസർക്കാരിനെയും സംഘപരിവാരിനെയും ‘മാരകമായി’ ട്രോളിയാണ് തിരിച്ചു വരവ്. 

ഇന്ത്യ വിടുംമുന്‍പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി വിജയ് മല്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലിലാണ് ഷിബുലാൽജിയുടെ വിശദീകരണം. ‘വിജയ്മല്യജി കളളനാണെന്ന് കുറെ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും ജിഹാദികളുമൊക്കെ പറഞ്ഞ് ഒരുപാട് നാളുകളായി കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരെ പറ്റിച്ച് കടന്നു പോയ കളളൻ തന്നെയാണ് വിജയ്മല്യജി. പക്ഷേ അദ്ദേഹം ലണ്ടൻ കോടതിയിൽ പറഞ്ഞ കമന്റ് ഞാൻ എഴുതി വച്ചിട്ടുണ്ട്. ഇംഗ്ലീഷ് അറിയാവുന്ന കമ്മികളും കോൺഗ്രസുകാരും സുഡാപ്പികളും ഉണ്ടെങ്കിൽ, ഇല്ലെന്ന് അറിയാം...’ അറിയുന്നവർ ഉണ്ടെങ്കിൽ വിജയ് മല്യ കോടതിയിൽ പറഞ്ഞത് താൻ വായിക്കുന്നത് കേൾക്കണമെന്നും ഷിബുലാൽജി പറയുന്നു. 

I Met finance minister to settle matters before i left. എന്നതിന്റെ അർത്ഥം ഇടതുപക്ഷ ധനമന്ത്രി തോമസ് ഐസക്കിനെ കണ്ട് എല്ലാം സെറ്റിൽ ചെയ്തിട്ടാണ് രാജ്യം വിട്ടതെന്നാണെന്നും ഷിബുലാൽജി പറയുന്നു. ഇത് കമ്മ്യൂണിസ്റ്റുകാർ എങ്ങനെ ന്യായീകരിക്കുമെന്നും ഇങ്ങനെയൊരു ധനകാര്യമന്ത്രിയെ നമുക്ക് ആവശ്യമുണ്ടോയെന്നും ഷിബുലാൽജി ചോദിക്കുന്നു. ഉളുപ്പുണ്ടോ കമ്മികളേ നിങ്ങൾക്ക് എന്ന ടൈറ്റിലിൽ ഷിബുലാൽജിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പറപറക്കുകയാണ്. 

ഷിബുലാല്‍ താരമായത് ഇങ്ങനെ

പെട്രോൾ വിലക്കൂടുതലിനെതിരെയുളള ട്രോൾ വിഡിയോയാണ് ഷിബുലാൽജിയെ പ്രശസ്തനാക്കിയത്. വെറും 10 പൈസയോ 15 പൈസയോ മാക്സിമം പോയി കഴിഞ്ഞാൽ 30 പൈസയോ ആണ് പെട്രോളിന് ഒരു ലിറ്ററിന് കൂടുന്നതെന്നും വിഡിയോയിൽ ഷിബുലാൽജി വിശദീകരിച്ചിരുന്നു . ഈ 15 പൈസയോ 30 പൈസയോ കൂടുമ്പോൾ നിങ്ങൾക്ക് ഇതിൽ നിന്ന് എന്താണ് നഷ്ടമുണ്ടാകുന്നത്. 1000 രൂപയ്ക്കും 2000 രൂപയ്ക്കും മദ്യം വാങ്ങി കുടിക്കുന്നവർക്ക് ലിറ്ററിന് 30 പൈസ പെട്രോളിന് കൂടുമ്പോൾ ഇത്രയ്ക്കും ബഹളം വയ്ക്കേണ്ടതുണ്ടോ? 30 പൈസ വച്ച് കൂടുന്നത് ഇന്ത്യയിലെ പാവപ്പെട്ടവർക്കു വേണ്ടി കക്കൂസ് പണിയുന്നതിനു വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ പറയുകയും ചെയ്തിട്ടുണ്ട്. 30 പൈസ വച്ച് കൂടുമ്പോൾ അത് കൊടുക്കാൻ കയ്യിൽ ഇല്ലെന്നു പറയുന്നത് എത്ര ആലോചിച്ചിട്ടും സംഘമിത്രങ്ങൾക്ക് മനസിലാകുന്നില്ലെന്നും വിഡിയോയിൽ ഷിബുലാൽ പരിഹസിച്ചിരുന്നു.

പെട്രോൾ വില വർധനയിൽ ജനങ്ങൾ‌ നട്ടം തിരിയുമ്പോൾ അസാധാരണ മികവുളള ട്രോൾ വിഡിയോയിലൂടെ കടുത്ത വിമർശനം ഉന്നയിച്ച ഷിബുലാൽ കയ്യടി നേടി.സീരിയസ് വിഡിയോ ആണെന്ന് കരുതി ഷിബുലാലിനെ ചീത്തവിളിച്ചവരും കാര്യമറിഞ്ഞതോടെ പൊട്ടിച്ചിരിച്ചു. ഒറ്റ ട്രോൾ കൊണ്ടൊന്നും ഷിബുലാൽ അവസാനിപ്പിച്ച മട്ടില്ല. ഉടൻ വന്നു മാരക ഐറ്റം. സംഘപരിവാർ സംഘടനകള്‍ മാപ്പുപറച്ചിലിൽ കേമൻമാരാണെന്ന ശത്രുപക്ഷക്കാരുടെ പതിവു പല്ലവി ഏറ്റെടുത്താണ് ഷിബുലാൽജിയുടെ രണ്ടാമത്തെ വിഡിയോ. ക്ലാസ് സ്റ്റെലിൽ മാപ്പു പറച്ചിൽ. ഷിബുലാൽജിയുടെ മാപ്പുപറച്ചിൽ വിഡിയോയും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെയാണ് വിജയ്മല്യ വിഷയത്തിൽ വേറിട്ട ഭാഷ്യവുമായി ഷിബുലാൽജി രംഗത്തു വന്നത്.