ഹര്‍ത്താലിനിടെ മകന് വിവാഹ നിശ്ചയം; സ്കൂട്ടറില്‍ പാഞ്ഞെത്തി ചെന്നിത്തല

ഇന്ധനവിവ വിര്‍ധനവിനെതിരെയുള്ള പ്രതിഷേധപ്പകലില്‍ കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹ നിശ്ചയം. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ആയതിനാലാണ് ഇന്നുതന്നെ നടത്തിയത്. മകന്റെ വിവാഹനിശ്ചയത്തിന് സ്കൂട്ടറിലെത്തിയാണ് രമേശ് ചെന്നിത്തല പങ്കെടുത്തത്.  

കാര്യം മകന്റെ നിശ്ചയമാണെങ്കിലും പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷമാണ് പ്രതിപക്ഷനേതാവ് വേദിയിലെത്തിയത്. കൊച്ചിയില്‍ കാളവണ്ടിയില്‍ യാത്ര ചെയ്തുള്ള വേറിട്ട പ്രതിഷേധത്തിന് ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ അദ്ദേഹം വിവാഹ നിശ്ചയത്തിനെത്തി. അതിഥികൾ കാറിലെത്തിയപ്പോൾ സ്കൂട്ടറിൽ എത്തിയ വരന്റെ പിതാവിനെ കണ്ട് ബന്ധുക്കള്‍ അമ്പരന്നു.  

രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്ത് ചെന്നിത്തലയും വ്യവസായി ഭാസിയുടെ മകള്‍ ശ്രീജയും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നത്. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്. വിവാഹ നിശ്ചയം മുൻപേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.