പ്രളയാനന്തരം: 17,000 രൂപയ്ക്ക് വീടൊരുക്കാന്‍ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മ

പ്രളയത്തിൽ നഷ്ടപ്പെട്ട വീട് പുനർനിർമിക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയ്ക്ക് വിരാമമിട്ട് ഒരു സംഘം എൻജിനീയർമാർ. ഇങ്ങനെയുള്ളവർക്കായി ചെലവു കുറഞ്ഞ താൽക്കാലിക വീടൊരുക്കുകയാണ് അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ്. 140 ചതുരശ്ര അടിയിൽ നിർമിക്കുന്ന താൽക്കാലിക വസതിക്കു 17,000 രൂപ മാത്രമാണ് ചെലവാകുക. ഒരു ഹാളും അതിനുള്ളിൽ അടുക്കളയും ഉണ്ടാകും. 14 അടി നീളവും 10 അടി വീതിയും കിട്ടും. ശുചിമുറിക്കു വേറെ സൗകര്യം ഏർപ്പെടുത്തേണ്ടിവരും.

ജിഐ പൈപ്പ്, ജിഐ വയർ, ട്രാഫോഡ് ഷീറ്റ്, 12 എംഎം കമ്പി, വാതിലിനും ജനാലയ്ക്കും പ്ലൈവുഡ്, തറ ഇടാൻ പൂട്ടുകട്ട ഇത്രയുമുണ്ടെങ്കിൽ രണ്ടു വിദഗ്ധർക്ക് മൂന്നു മണിക്കൂർ കൊണ്ട് ഒരു താൽക്കാലിക വീടു പണിയാം. ആവശ്യമെങ്കിൽ വീടിന്റെ വലുപ്പം വർധിപ്പിക്കാനും കഴിയും. ‘റ’ എന്ന മലയാള അക്ഷരത്തിന്റെ മാതൃകയിലുള്ള താൽക്കാലിക വീടിനു മഴയെയും കാറ്റിനെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ചൂടുകാലത്തിനെ അതിജീവിക്കാൻ മുകളിൽ കച്ചിയോ, ഓലയോ നിരത്തിയാൽ മതിയെന്ന് എൻജിനീയർമാർ അറിയിച്ചു.

പുതിയ വീട്ടിലേക്കു മാറിയാലും താൽക്കാലിക വീടിനെ മറക്കണ്ട. കാർഷെഡോ, കാലിത്തൊഴുത്തോ ഒക്കെയായി മാറ്റി ഉപയോഗിക്കാം. അഴിച്ചുമാറ്റി വേറെ സ്ഥലത്തേക്കു നീക്കം ചെയ്യാനും എളുപ്പം. ബെംഗളൂരു ആസ്ഥാനമായ പ്രോജക്ട് വിഷന്റെ നേതൃത്വത്തിൽ കോട്ടയം, ആലപ്പുഴ, തൃശൂർ എന്നീ ജില്ലകളിൽ വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. വയനാട് ജില്ലയിൽ ഇത്തരത്തിലുള്ള 530 വീടുകളുടെ നിർമാണം ഈയാഴ്ച തുടങ്ങുമെന്നു പ്രോജക്ട് വിഷൻ ഡയറക്ടർ ഫാ. ജോർജ് കണ്ണന്താനം പറഞ്ഞു.

എൻജിനീയേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രഞ്ജി, ജനറൽ സെക്രട്ടറി പി.ബി. ബൈജു എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവല്ല താലൂക്കിൽ കഴിഞ്ഞ പ്രളയത്തിൽ 498 വീടുകൾ വാസയോഗ്യമല്ലാത്ത വിധം തകർന്നിട്ടുള്ളതായാണ് കണക്ക്. 29,000 ഓളം വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകൾ നിർത്തിയതോടെ ഇവരിൽ പലരും താസസിക്കാൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. വാടകവീടുകളും കിട്ടാനില്ല.