അന്നൊരു അക്രമ ബന്ദിൽ കല്യാണം കഴിഞ്ഞവർ; മറ്റൊരു ബന്ദിൽ ആ ഓർമ്മ

വൈക്കം ചെമ്മനത്തുകര ആലങ്കരകൊണ്ടിയിൽ ചെറിയാച്ചൻ മേരിക്കൊച്ചിനെ താലി ചാർത്തിയിട്ട് 50 വർഷം പിന്നിട്ടു. 1967 സെപ്റ്റംബർ 11നു പരക്കെ അക്രമം നടന്ന ഒരു ‘കേരള ബന്ദ്’ ദിനത്തിലായിരുന്നു വിവാഹം. ഇന്നിപ്പോൾ ഒരുദിനം മുൻപേയെത്തി ബന്ദിന്റെ മറ്റൊരു രൂപമായ ഹർത്താൽ. ദാമ്പത്യത്തിന്റെ 51ാം വാർഷികത്തിൽ ഇവർ ഒരുമിച്ചുപറയുന്നു ഇത്തവണ ആഘോഷം ഇല്ല. അതിനായി നീക്കിവച്ച തുക പ്രളയക്കെടുതിയിൽപെട്ട് ഉഴലുന്നവർക്കു നൽകും. 

രണ്ടുപേർ വെടിവയ്പിൽ മരിക്കുകയും ഒട്ടേറെപ്പേർക്കു കത്തിക്കുത്തിലും മറ്റും പരുക്കേൽക്കുകയും ചെയ്ത ബന്ദായിരുന്നു 1967ലേത്. റോഡിലെങ്ങും ആരും ഇല്ല, ആകെ ഭീകരാന്തരീക്ഷം. പാലാ രൂപതയിൽപെട്ട കാഞ്ഞിരത്താനം സെന്റ് ജോൺസ് ദ് ബാപ്റ്റിസ്റ്റ് പള്ളിയിലായിരുന്നു വിവാഹം. മൂന്നുമണിക്കു താലി ചാർത്തി. വധുവിന്റെ വീട്ടിൽ ചായസൽക്കാരം.

അഞ്ചുമണിയോടെ തിരികെ വരന്റെ വീട്ടിൽ എത്തി. അവിടെയും ചായസൽക്കാരം മാത്രമാക്കി. റവന്യുവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ചെറിയാൻ സർക്കാർ പിന്തുണയുള്ള ബന്ദിനെ തള്ളിയാണു മേരിയെ സ്വന്തമാക്കിയത്. ജോലിപോലും തെറിക്കുമെന്നു ഭീഷണിയുണ്ടായിരുന്നു. വൈക്കം താലൂക്ക് ഓഫിസിൽനിന്നു തഹസിൽദാരായി 1994 മേയ് 31നു വിരമിച്ചു. 79 വയസ്സുണ്ട്. 

മേരിയമ്മയ്ക്ക് 71. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഒരു വിഷമം മാത്രം ഇവർക്കു ബാക്കി, വിവാഹച്ചടങ്ങിന്റെ ഒരു ഫോട്ടോപോലും എടുക്കാനായില്ല. ഏറ്റുമാനൂരിൽനിന്നുള്ള ഫൊട്ടോഗ്രഫറെയാണ് ഏർപ്പാടാക്കിയത്. ബന്ദിനെ പേടിച്ച് അയാൾ വന്നില്ല. ഒരാഴ്ച കഴിഞ്ഞു സ്റ്റുഡിയോയിൽ പോയി ഫോട്ടോയെടുത്തു. ചെറിയാൻ–മേരി ദമ്പതികൾക്കു നാലു മക്കൾ: മേരിയമ്മ ജോർജ്, ജോജി, ആൻസ് ബേബി, ജിജോ.