കാത്തിരിപ്പിന് അവസാനം; ആശുപത്രിയിൽ ഹനാനെത്തേടി ബാപ്പയെത്തി

ആശുപത്രികിടക്കയിലെ കഠിനവേദനയിലും ഹനാൻ ചിരിച്ചു. ഒന്നരവർഷം നീണ്ട ഹനാന്റെ കാത്തിരിപ്പിന് കൊച്ചിയിലെ സ്വകാര്യാശുപത്രി വേദിയായി. കാറപകടത്തിൽ പരുക്കേറ്റ ഹനാനെകാണാൻ ബാപ്പ ഹമീദും അനിയനും എത്തി. ഹനാൻ വാർത്തകളിൽ നിറഞ്ഞുനിന്നപ്പോൾ പോലും മകളെ കാണാൻ ഹമീദ് എത്തിയിരുന്നില്ല. ഇതിനെക്കുറിച്ച് നിറകണ്ണുകളോടെയാണ് ഹനാൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. 

ആ സങ്കടലിന് ബാപ്പയും മകളും തമ്മിലുള്ള കൂടിക്കാഴ്ചയോടെ സമാപ്തിയായിരിക്കുകയാണ്. ഹനാനെ കാണാൻ വാപ്പയും അനിയനും എത്തിയ വിവരം ഡോക്ടർ വിശ്വനാഥനാണ് സ്ഥിരീകരിച്ചത്. ഹനാന്റെ രക്ഷകർത്താവിന്റെ സ്ഥാനത്ത് നിന്നും എല്ലാം ചെയ്യുന്നത് കോതമംഗലത്തുള്ള ഡോക്ടറും കുടുംബവുമാണ്. ബാപ്പ എത്തിയതോടെ താൻ ഇനി അനാഥയായിരിക്കില്ലെന്നുള്ള പ്രത്യാശ ഹനാനും മാധ്യമങ്ങളോട് പങ്കുവച്ചു. 

പഠനം തുടരാനും ജീവിതം മുന്നോട്ടു നയിക്കാനും വേണ്ടി കോളജ് യൂണിഫോമിൽ മത്സ്യകച്ചവടം ചെയ്യുന്ന ഹനാൻ എന്ന പെണ്‍കുട്ടി ഒരു ദിവസം െകാണ്ടാണ് മലയാളികളുടെ മാനസ പുത്രിയായത്. തനിക്കു കിട്ടിയ സാമ്പത്തിക സഹായം ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നുവെന്ന വാർത്ത നിറകയ്യടികളോടെ മലയാളികൾ ഏറ്റെടുത്തത്. ഹനാന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടുവെന്ന വാർത്തയാണ് പിന്നീടു മലയാളികളെ തേടിയെത്തിയത്. നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലാണ് ഹനാനിപ്പോൾ.