പണ്ട് കയ്യിലേറ്റുവാങ്ങിയ കുഞ്ഞ്; ഡോക്ടറായി കണ്‍മുന്നില്‍: നഴ്സിന്‍റെ ഊഷ്മളാനുഭവം

അന്ന് അവനെ ജോലിയുടെ ഭാഗമായിട്ടാണെങ്കിലും പൊന്നുപോലെ പരിചരിച്ചു. ഇന്ന് അവൻ എന്നെ ചേർത്ത് നിർത്തുന്നു. ഇൗ വാക്കുകൾ ഒരമ്മയുടേതല്ല. മറിച്ച് ഒരു നഴ്സിന്റേതാണ്. ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭവം ഇൗ നഴ്സ് ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെ ലോകമെമ്പാടും വൈറലായി ഇൗ കുറിപ്പ്. 28 വർഷങ്ങൾക്ക് മുൻപ് താൻ പരിചരിച്ച കുഞ്ഞ്, ഡോക്ടറായി അതേ ആശുപത്രിയിലെത്തുകയും. അവനൊപ്പം ജോലി െചയ്യാൻ കഴിയുന്നതിന്റെയും ത്രില്ലിലാണ് ഇവർ.   

കാലിഫോർണിയയിലെ ലൂസിൽ പാക്കാർഡ് ചിൽഡ്രൻസ് ആശുപത്രിയിലെ നഴ്സാണ് വിൽമ വോങ്. പൂർണവളർച്ച എത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിയായിരുന്നു വിൽമയ്ക്ക്. 28 വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ലഭിച്ച ഒരു കുഞ്ഞായിരുന്നു ബ്രാൻ‌ഡൻ സെമിനാറ്റോർ. വർഷങ്ങൾക്കിപ്പുറം അയാൾ പഠിച്ചൊരു ഡോക്ടറായി അതേ ആശുപത്രിയിൽ എത്തി. അപ്പോഴും നഴ്സായി വിൽമ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.              

പുതിയതായി വന്ന ഡോക്ടറുടെ പേര് കേട്ടപ്പോൾ വിൽമയ്ക്ക് സംശയമായി. പിന്നെ വൈകിയില്ല ഡോക്ടറോട് തന്നെ കാര്യങ്ങൾ ചോദിച്ചറിയാൻ തീരുമാനിച്ചു. അങ്ങനെ ഡോക്ടറോട് വീടിനെക്കുറിച്ചും വീട്ടുകാരെ കുറിച്ചും ഒക്കെ ചോദിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ ഒരു പൊലീസ് ഒാഫിസറാണെന്നും സ്ഥിരീകരിച്ചതോടെ ഡോക്ടർ ആ പഴയ കുഞ്ഞ് തന്നെയെന്ന് നഴ്സ് ഉറപ്പിച്ചു. പക്ഷേ അവരെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. ജനിച്ച ശേഷം 28 ആഴ്ച തന്നെ ജിവനുതുല്യം സ്നേഹിച്ച നഴ്സിനെ പറ്റി വീട്ടുകാർ പറഞ്ഞ് ഡോക്ടറും അറിഞ്ഞിരുന്നു. 

വ്യത്യസ്തമായ ഇൗ സന്ദർഭത്തിന് നിറം പകരാൻ വർഷങ്ങൾക്ക് മുൻപ് എടുത്ത ചിത്രങ്ങളും ആശുപത്രി അധികൃതർ പങ്കുവച്ചു. ഇതോടെ ഇൗ നഴ്സും ഡോക്ടറും സോഷ്യല്‍ ലോകത്ത് താരമായി. വിൽമയുടെ മടിയിലിരിക്കുന്ന നാൽപതുദിവസം മാത്രം പ്രായമുള്ള ബ്രാൻഡന്റെ ചിത്രങ്ങൾ ഒട്ടേറെ പേർ പങ്കുവച്ചു. ഒപ്പം സ്നേഹം തുളുമ്പുന്ന കുറിപ്പും.