പാട്ടിന്‍റെ ആ ‘സ്നേഹസ്വരൂപന്‍’ ഇതാ; കണ്ണിന് കാഴ്ചയില്ല; അച്ഛന്‍ പറയുന്നു

സോഷ്യൽ മീഡിയ തിരഞ്ഞ ആ സ്നേഹസ്വരൂപനെ ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. കാസർഗോഡ് സ്വദേശി ബളാൽ പെരിയാട്ട് താമസിക്കുന്ന രാഘവന്റെ മകൻ വൈശാഖാണ് ആ കുട്ടി പാട്ടുകാരൻ. ഒന്നാംക്ലാസിൽ പഠിക്കുകയാണ് വൈശാഖ്. വൈശാഖിന്റെ ചേച്ചി നന്ദനയാണ് കൂടെ പാടുന്ന കുട്ടി. നന്ദന മൂന്നാംക്ലാസിൽ പഠിക്കുന്നു.

വൈശാഖിന് രണ്ടു കണ്ണിനും കാഴ്ചയില്ല. ‍ജന്മനാ കാഴ്ചയില്ലായിരുന്നു. ഇപ്പോൾ കോഴിക്കോട് ആശുപത്രിയിൽ രണ്ട് സർജറികൾ കഴിഞ്ഞു. വലതുകണ്ണിന് ചെറുതായി കാഴ്ച ലഭിച്ചിട്ടുണ്ട്. ആളുകളെയൊന്നും വ്യക്തമായി കാണാൻ കഴിയില്ല. ഇൗ മാസം വീണ്ടും സർജറിക്ക് പോകണം. വൈശാഖിന്റെ അച്ഛൻ രാഘവൻ മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഹോട്ടലിലെ പാചകക്കാരനാണ് രാഘവൻ. കുട്ടിക്ക് പാട്ടിൽ വലിയ താൽപര്യമാണ്. വിഡിയോ എടുത്തത് രാഘവൻ തന്നെയാണ്. രാഘവനുൾപ്പെട്ട ചില ഗ്രൂപ്പുകളിൽ ഇൗ വിഡിയോ പങ്കുവച്ചിരുന്നു. ഗ്രൂപ്പിലെ ആരോ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു. അങ്ങനെ വൈശാഖ് ശ്രദ്ധിക്കപ്പെടുകയായിരുന്നു. പാട്ടുകളൊക്കെ ഫോണിലും റേഡിയോയിലുമൊക്കെ പാതി കണ്ടും കേട്ടും പഠിക്കുകയാണ് വൈശാഖ് ചെയ്യുന്നതെന്ന് രാഘവൻ പറയുന്നു. ഒരുതവണ കേട്ടാൽ തന്നെ വൈശാഖ് പാട്ട് ഹൃദിസ്ഥമാക്കും– രാഘവൻ പറഞ്ഞു.

‘വാതില്‍ തുറക്കൂ നീ  കാലമേ, കണ്ടോട്ടേ സ്നേഹ സ്വരൂപനേ...' എന്ന ഗാനമാണ് ഇൗ കുഞ്ഞ് മനോഹരമായി ആലപിച്ചത്. ‘സംഗതിയൊന്നുമില്ലെങ്കിലെന്താ, ഇവന്റെ പാട്ട് കേൾക്കാൻ ബഹുകേമം’ എന്നാണ് സോഷ്യൽ ലോകത്തെ ചർച്ച. വരികളിൽ വലിയ വ്യക്തത ഇല്ലെങ്കിലും കേൾക്കുന്നവരെ പിടിച്ചിരുത്തുന്ന ശക്തി അവന്റെ ശബ്ദത്തിനുണ്ട്. കൂടാതെ കലാഭവൻമണിയുടെ വടിവാള് എന്ന ഗാനവും വൈശാഖും ചേച്ചിയും ചേർന്ന് ആലപിച്ചിട്ടുണ്ട്.

രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിൽ ലൈക്കും ഷെയറും കൊണ്ട് മൂടുകയാണ് ഇൗ മിടുക്കനെ. ഒരു തോർത്ത് മുണ്ട് ഉടുത്ത് അവൻ സ്നേഹസ്വരൂപനെ പറ്റി പാടുമ്പോൾ കേൾക്കുന്നവരുടെ മനസും നിറയുന്നു.