‘മലയാളത്തില്‍’ സ്നേഹിച്ച് സച്ചിനും ഭാജിയും കൈഫും; ആശംസ വൈറല്‍

മറ്റൊരു തിരുവോണവും കടന്നുപോയിരിക്കുന്നു. പ്രളയത്തില്‍ നിന്നും കരകയറി ഓണമാഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകള്‍ നേരാന്‍ സമൂഹ മാധ്യമങ്ങളില്‍ ധാരാളം പേരുണ്ടായിരുന്നു. അതില്‍ വ്യത്യസ്ഥമായത് മൂന്ന് ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റുകളായിരുന്നു. ഇതിഹാസതാരം സച്ചിന്റെയും ഹര്‍ഭജന്‍ സിങ്ങിന്റെയും മുഹമ്മദ് കൈഫിന്റെയും ഓണാശംസകള്‍ ഫെയ്സ്ബുക്കില്‍ വൈറലായി.

നല്ല പച്ച മലയാളത്തിലായിരുന്നു  സച്ചിന്റെയും, ഹർഭജന്റെയും ആശംസകള്‍. ഓണം ആശംസകള്‍ എന്ന് മലയാളത്തില് ട്വീറ്റ് ചെയ്തതിന്റെ ചുവടെ തകര്‍ച്ചയില് നിന്നും കരയറാന് ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം രക്ഷിക്കട്ടെയെന്ന് ക്രിക്കറ്റ് ദൈവം കുറിച്ചിട്ടു. 

ഭാഷ വച്ചു നോക്കിയാല്‍ സാഹിത്യപൂര്‍ണമായിരുന്നു ഹര്‍ഭജന്റെ ആശംസ. പൂര്‍ണമായും മലയാളത്തിലുള്ള ട്വീറ്റില്‍ മലയാളികളുെട ജീവിതത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഈ ഓണം കാരണമാകട്ടെയെന്ന് ഭാജി ആശംസിച്ചു. ഭാഷ കണ്ടിട്ട് 'പണ്ഡിതനാണല്ലേ' എന്ന ചോദ്യത്തോടെയാണ് ട്രോളന്മാര്‍ ട്വീറ്റ് വൈറലാക്കിയത്.

'ബ്രഹ്മാണ്ഡ'മായിരുന്നു കൈഫിന്റെ ആശംസ. ബ്രഹ്മാണ്ഡ ചലചിത്രം ബാഹുബലിയില്‍ ശിവകാമി ദേവി പുഴയില്‍ മുങ്ങിത്താഴുമ്പോള്‍ കുഞ്ഞു ബാഹുബലിയെ ഉയര്‍ത്തിപിടിക്കുന്ന ഫോട്ടോയായിരുന്നു ചെറിയ എഡിറ്റിങ്ങോടെ കൈഫ് ട്വീറ്റ് ചെയ്തത്. കുഞ്ഞിന്റെ സ്ഥാനത്ത് മാവേലിയുെട ഓലക്കുടയാണ് ഉണ്ടായിരുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്നും കേരളം കരകയറുമെന്ന പ്രതീക്ഷകള്‍ പങ്കുവച്ച കൈഫിന്റെ സിനിമാറ്റിക് ആശംസയും ഫെയ്സ്ബുക്കില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്.

മഹാദുരിതത്തില്‍ നിന്നും ഉയര്‍ന്നുവരാന്‍ കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ പിന്തുണയുണ്ടെന്നതിന്റെ തെളിവ് കൂടിയായിരുന്നു ഓണനാളിലെ  ഈ ആശംസകള്‍.