ബ്ലൂ വെയിലിനു ശേഷം അടുത്ത കൊലയാളി ഗെയിം; എന്താണ് മോമോ..?

നിരവധി കൗമാക്കാരുടെയും യുവാക്കളുടെയും ജീവൻ അപഹരിച്ച ബ്ലൂ വെയിൽ ഗെയിമിനു ശേഷ ഉറക്കം കെടുത്തി അടുത്ത കൊലയാളി ഗെയിം. മോമോ എന്നാണ് പേര്. ബ്ലൂ വെയിൽ പോലെ തന്നെ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമാണ് മോമോ. 

വാട്സ്ആപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുക എന്നതാണ് ആദ്യപടി. അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന മെസേജിൽ നിന്നാണ് തുടക്കം. തുടർന്ന് ഈ കോണ്ടാക്ടിൽ നിന്നും പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടർന്ന് സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും. 

ഭീകരരൂപിയായ സ്ത്രീയുടെ ചിത്രമാണ് മോമോയുടെ ഐക്കൺ. മോമോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാന്‍ ചലഞ്ച് ചെയ്താണ് മോമോ ഗെയിം ആരംഭിച്ചതെന്നാണ് മെക്സിക്കോയിലെ കംപ്യൂട്ടര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അർജൻറീനയിൽ ആത്മഹത്യ ചെയ്ത ടീനേജുകാരിയുടെ മരണത്തിനു പിന്നിൽ മോമോ ആണോ എന്ന് അന്വേഷിച്ചു വരികയാണ്.

അതേസമയം ഉപഭോതാക്കളുടെ സുരക്ഷയുടെ കാര്യത്തിൽ തങ്ങൾ അതീവ തത്പരരാണെന്നും അ‍ജ്ഞാത സന്ദേശമെത്തിയാൽ തങ്ങളുമായും ബന്ധപ്പെടാമെന്നും വാട്സ്ആപ്പ് അധികൃതർ അറിയിച്ചു കഴിഞ്ഞു.