കാറിൽ നിന്നും ചാടി നൃത്തം ചെയ്ത് പുതിയ പരീക്ഷണം; അപകടക്കളിയിൽ പ്രതിഷേധം

സമൂഹമാധ്യമങ്ങളിൽ ഒരാളുടെ പ്രവൃത്തി മറ്റൊരാൾ അനുകരിക്കുക സാധാരണമാണ്. എന്നാൽ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ പുതിയൊരു ചലഞ്ച് വൈറലാകുകയാണ്. ഓടുന്ന കാറില്‍ നിന്ന് ചാടി നൃത്തം ചെയ്യുന്നതാണ് പുതിയ ചലഞ്ച്. എന്നാൽ, ഇതിന്റെ അപകട സാധ്യത വളരെ വലുതാണ്. 

കനേഡിയന്‍ റാപ്പറായ ഡ്രൈക്സിന്റെ ഏറ്റവും പുതിയ ആല്‍ബമായ സ്കോര്‍പിയന്റെ ചുവടുപിടിച്ചാണ് പുതിയ ചലഞ്ച് പ്രചരിച്ചത്. സ്കോര്‍പിയന്‍ ആല്‍ബം സമീപകാലത്തെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. ഒരാഴ്ച്ചക്കിടയില്‍ 1 ബില്ല്യണ്‍ സ്ട്രീമിംഗ് ലഭിക്കുന്ന ആല്‍ബമായും ഇത് മാറി. എന്നാല്‍ റെക്കോര്‍ഡുകള്‍ക്കൊപ്പം നിരവധി കാലും കൈയും ആണ് ആല്‍ബം തകര്‍ത്തതെന്ന് പറയാം. 

ഇന്‍ മൈ ഫീലിംഗ് എന്ന ഗാനം ഇന്റര്‍നെറ്റില്‍ ജനപ്രിയമായി മാറിയതോടെ ഇതിന് ഡാന്‍സ് ചെയ്ത് ചലഞ്ചും ആരംഭിച്ചു. #InMyFeelings എന്നും #KekeChallenge എന്നും പേരിലാണ് ചലഞ്ച് വീഡിയോകള്‍ വൈറലായി മാറിയത്. ഇതിനുമുമ്പ് ഐസ് ബക്കറ്റ് ചലഞ്ചും ബുക്ക് ചലഞ്ചുമൊക്കെ സമൂഹമാധ്യമങ്ങളിൽ നല്ല രീതിയിലുള്ള ഇടപെടലുണ്ടാക്കിയെങ്കിലും പുതിയ ചലഞ്ച് ജീവിതം തകർക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല.