അന്ന് ഇംഗ്ലീഷറിയാതെ കരഞ്ഞ സുരഭി; ഇന്ന് കലക്ടര്‍: പ്രചോദന‘സുരഭി’ലം ഈ കഥ

പ്രതിസന്ധികളിലും തളരാതെ മുന്നോട്ടുപോകാനുള്ള മനസാണ് സുരഭി ഗുപ്ത എന്ന ഐഎഎസ് ഒാഫീസറുടെ ജീവിതത്തിൽ വിജയവഴി തെളിച്ചത്. അതിനായി ഒപ്പം നിന്നത് സ്വന്തം അമ്മയും. കഠിനാധ്വാനം ചെയ്യാനുള്ള പ്രേരണ തന്നതും അമ്മയാണ്. ആഗ്രഹം മാത്രം പോര അത് ന‌േടിയെടുക്കണമെന്നത് സുരഭിയുടെ സ്വപ്നമായിരുന്നു. ഇപ്പോൾ വഡോദരയിൽ അസിസ്റ്റന്റ് കലക്ടറാണ് സുരഭി.

മധ്യപ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണു സുരഭിയുടെ വീട്. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനനം. കൂട്ടുകുടുംബമായിരുന്നു. മുപ്പതോളം പേർ എപ്പോഴും വീട്ടിലുണ്ടാകും. പക്ഷെ ഇവിടെയെത്താൻ സുരഭി താണ്ടിയത് വലിയ വഴികളാണ്. പഠനത്തിൽ മിടുക്കിയായിരുന്നു സുരഭി. 

അഞ്ചാം ക്ലാസ് മുതലേ മാത്‌‌സ് ഉൾപ്പെടെയുള്ള വിഷയങ്ങൾക്കു മുഴുവൻ മാർക്കും നേടുമായിരുന്നു സുരഭി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിലും ഗണിതശാസ്ത്രത്തിനും സയൻസിനും നൂറിൽ നൂറു മാർക്ക് തന്നെ വാങ്ങി. അവികസിതമായ സ്വന്തം ഗ്രാമത്തിലെ അപര്യാപ്തതകൾ സുരഭിയെ എന്നും വേദനിപ്പിച്ചിരുന്നു. 

തന്റെ നാട്ടിൽ വികസനം കൊണ്ടുവരണമെന്ന് അവൾ ഏറെ ആഗ്രഹിച്ചിരുന്നു. പത്താം ക്ലാസിൽ വച്ചാണ് ഐഎഎസ് എന്ന മോഹം തുടങ്ങിയത്. കലക്ടർമാർക്ക് കിട്ടുന്ന ആദരം തന്നെയാണ് പ്രധാനം. അവികസിതമായ സ്വന്തം ഗ്രാമത്തിലെ അപര്യാപ്തതകൾ സുരഭിയെ എന്നും വേദനിപ്പിച്ചിരുന്നു. ചികിൽസാ സൗകര്യമില്ല, വൈദ്യുതിയില്ല മറ്റ് അടിസ്ഥാനസൗകര്യങ്ങളും കുറവ്. കലക്ടർ ആകുന്നതോടെ ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാം എന്നും ഈ പെൺകുട്ടി കണക്കുകൂട്ടി. 

അങ്ങനെ നാട്ടിൽ നിന്നു പുറത്തുപോയി പഠിക്കുന്ന ഗ്രാമത്തിലെ ആദ്യ പെൺകുട്ടിയായി സുരഭി മാറി. എഞ്ചിനീയറിംഗ് കോളജിൽ ചെന്നപ്പോൾ ഇംഗ്ലീഷ് ആയിരുന്നു പ്രശ്നം. ആരോടും സംസാരിക്കാൻ കഴിയുന്നില്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്നില്ല.  ഫിസിക്സിലെ ഒരു ആശയം വ്യക്തമാക്കാൻ പറഞ്ഞപ്പോഴും അറിയാമായിരുന്നെങ്കിലും ഇംഗ്ലിഷ് അറിവില്ലാത്തതിനാൽ ശരിക്കും ബുദ്ധിമുട്ടി. അന്നു തിരിച്ചു മുറിയിലെത്തിയ സുരഭി നിർത്താതെ കരഞ്ഞു. ബാഗുമെടുത്തു വീട്ടിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ കോളജിൽതന്നെ തുടർന്നു പഠിക്കാനായിരുന്നു നിർദേശം. സുരഭി പഠനം നിർത്തി തിരിച്ചുപോയാൽ പിന്നീടു ഗ്രാമത്തിൽനിന്ന് ഒരു പെൺകുട്ടി പോലും പഠിക്കാൻ ആഗ്രഹിക്കുകയില്ല എന്നുമവർ പറഞ്ഞു. 

അതോടെ ഇംഗ്ലീഷിനെ കീഴടക്കണം എന്നതുമാത്രമായി ചിന്ത. ഒടുവിൽ കോളജിൽ മാത്രമല്ല സർവകലാശാലയിൽതന്നെ ഏറ്റമുയർന്ന മാർക്ക് വാങ്ങി വിജയിച്ചു– ചാൻസലേഴ്സ് സ്കോളർഷിപ്പും കരസ്ഥമാക്കി. അപ്പോഴും ഐഎഎസ് മോഹം ഒർമിപ്പിച്ചിരുന്നത് അമ്മയാണ്. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് അമ്മ പറഞ്ഞപ്പോൾ അവൾക്ക് അത് ഉൗർജമായി. 23 ാം വയസിൽ‌ മൂന്നു കുട്ടികളുണ്ടായിരുന്നു അവളുടെ അമ്മയ്ക്ക്. ഇളയകുട്ടിക്ക് 10 മാസം മാത്രം പ്രായം. ആസമയത്ത് വീട്ടിലെ ജോലികളൊക്കെ ഒതുക്കി അമ്മ ജോലിക്കുപോകുമായിരുന്നു. ഇത്രയൊന്നും കഷ്ടപ്പാട് നിനക്കില്ലല്ലോ എന്ന ചോദ്യമായിരുന്നു സുരഭിയുടെ പ്രചോദനം.  

ആ പ്രചോദമാണ് സുരഭിയെ ഐഎഎസിലെത്തിച്ചത്. ഇംഗ്ലീഷ് അറിയില്ലല്ലോ എന്ന കരുതി അന്ന് കോളജിൽ നിന്ന് തിരിച്ചുപോന്നിരുന്നുവെങ്കിൽ ഇന്ന് ഗ്രാമത്തിനു മുന്നിലും മാതാപിതാക്കളുടെ മുന്നിലും ഇങ്ങനെ ഐഎഎസ് ഒാഫീസറായി തലയുയർത്തി നിൽക്കാനാകുമായിരുന്നോ ഇവൾക്ക്? ഏതായാലും സുരഭിയുടെ ത്യാഗസുരഭിലമായ, പരിശ്രമ സുരഭിലമായ, സമര്‍പ്പണ സുരഭിലമായ ഈ ജീവിതം ലോകത്തിന് തന്നെ പ്രചോദനമാണ് ഇന്ന്.