ഞങ്ങൾക്ക് വിശക്കുന്നു; സ്കൂളിൽ പോയാല്‍ ഉച്ചക്കഞ്ഞി കിട്ടും; വണ്ടിക്കൂലി..?

വയറിന്റെ കത്തൽ നീക്കണമെങ്കിൽ ഉച്ചക്കഞ്ഞി കുടിക്കാൻ സ്കൂളിലെത്തണം. സ്കൂളിൽ പോകാൻ വണ്ടിക്കൂലിയില്ലെങ്കിൽ പിന്നെന്തു മാർഗം? കരിമ്പാലൂർ കനാൽപുറമ്പോക്കിൽ ബിനുവിന്റെ മക്കളായ പ്രജീഷ് (എട്ട്), പ്രണവ് (അഞ്ച്) എന്നിവരാണു ചോർന്നൊലിക്കുന്ന ടാർപോളിൻ ഷീറ്റിനു കീഴിൽ മുത്തശ്ശിയുടെ മാറത്തണഞ്ഞു കഴിയുന്നത്.

പുന്നല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. മാതാവ് മിനി മൂന്നു വർഷം മുൻപു പാമ്പുകടിയേറ്റു മരിച്ചതോടെയാണു കുടുംബത്തിന്റെ ദുരിതം ആരംഭിക്കുന്നത്. കെട്ടിച്ചമച്ചതായി ആരോപണം ഉയർന്ന കേസിൽ പെട്ടു പിതാവ് ബിനു ജയിലിലായതോടെ സംരക്ഷണം മുഴുവൻ മുത്തശ്ശി പ്രേമയുടെ ചുമലിലായി. 

ഇതിനിടെ ബിനു ജയിൽ മോചിതനായെങ്കിലും കേസിൽ കുടുക്കിയതിന്റെ ഒറ്റപ്പെടലിൽ മാനസിക നിലയിൽ മാറ്റം വന്നു. ജോലിക്കു പോകാൻ കഴിയാതെ വീട്ടിൽ ഒതുക്കപ്പെട്ടതോടെ കുടുംബം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.  വീട്ടിൽ നിന്നു സ്കൂളിലേക്കെത്താൻ നാലര കിലോമീറ്റർ ദൂരമുണ്ട്. മാസം 1,200 രൂപയാണു സ്കൂൾ ബസിനു നൽകേണ്ടത്. 

ബസ് അപകടത്തിൽപെട്ടതോടെ സ്വകാര്യ ജീപ്പുകൾ ഏർപ്പാടാക്കിയാണു വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നത്. ഇതോടെ ഇവരുടെ പഠനവും മുടങ്ങി. സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഉച്ചക്കഞ്ഞിയെങ്കിലും കുടിച്ച് ഒരുനേരം വയറു നിറയ്ക്കാമായിരുന്നുവെന്നു  മുത്തശ്ശി പ്രേമ പറഞ്ഞു. ഇപ്പോൾ അതും സാധ്യമല്ല. ഫീസ് കുറച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.